കുവൈത്ത് ദുരന്തം; ആശ്വാസം, പരിക്കേറ്റ 14 മലയാളികളും അപകടനില തരണം ചെയ്തു, 4പേരുടെ സംസ്കാരം ഇന്ന്

news image
Jun 15, 2024, 3:43 am GMT+0000 payyolionline.in
കുവൈത്ത് സിറ്റി/തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തില്‍ ചികില്‍സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തുവെന്ന പുതിയ വിവരമാണ് ആശ്വാസമാകുന്നത്.

പരിക്കേറ്റ് ചികിത്സയിലുള്ള 14 മലയാളികളിൽ 13 പേരും നിലവിൽ വാർഡുകളിലാണ് ചികിത്സയിലുള്ളത്.  ഇവർ ആരുടെയും നില ഗുരുതരമല്ല. ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്.  അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്‍റ ഹോസ്പിറ്റൽ, ഫർവാനിയ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ചികിത്സയിൽ കഴിയുന്നത്. മൊത്തം 31 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത്.

ഇതിനിടെ, കുവൈത്ത് ദുരന്തത്തില്‍ മരിച്ച മലയാളികളില്‍ നാലുപേരുടെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ 12 പേര്‍ക്കാണ് ജന്മനാട് വിട നല്‍കിയത്. കുവൈത്ത് ദുരന്തത്തിൽ മരിച്ച കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജിൻ്റെയും വിളച്ചിക്കാല സ്വദേശി ലൂക്കോസിന്‍റെയും സംസ്കാരം ഇന്ന് നടക്കും. സാജന്‍റെ സംസ്കാരം നരിക്കൽ മാർത്തോമാ ചർച്ച് സെമിത്തേരിയിലും ലൂക്കോസിന്‍റെ സംസ്കാരം വിളച്ചിക്കാല ഐപിസി സെമിത്തേരിയിലുമാണ്.

മൃതദേഹങ്ങൾ ഇന്നലെ നാട്ടിൽ എത്തിച്ചെങ്കിലും വിദേശത്തുള്ള ബന്ധുക്കൾ എത്താനുള്ളതിനാൽ ചടങ്ങുകൾ ഇന്നത്തേക്ക് തീരുമാനിക്കുകയായിരുന്നു.മൃതദേഹങ്ങൾ നിലവിൽ മോർച്ചറിയിലാണ്. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന്‍റെയും കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്‍റെയും സംസ്കാരവും ഇന്ന് നടക്കും.

 

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന അനീഷ് കുമാറിന്‍റെ മൃതദേഹം രാവിലെ എട്ട് മണിയോടെ നാട്ടിലേക്ക് കൊണ്ടുവരും. കുറുവയിലെ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുവരും.  പതിനൊന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന അനീഷ് പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. കഴിഞ്ഞ മാസം പതിനറിനാണ് നാട്ടിൽ നിന്ന് തിരിച്ചുപോയത്. കുവൈത്തിൽ സൂപ്പര്‍മാര്‍ക്കറ്റ സൂപ്പര്‍വൈസറായിരുന്നു. ഭാര്യയും രണ്ട് ആൺകുട്ടികളുമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe