കുസാറ്റ് സിൻ്റിക്കേറ്റ് അംഗത്തിനെതിരെ ആരോപണം: പരാതിക്കാരിക്കും എസ്എഫ്ഐക്കുമെതിരെ അധ്യാപക സംഘടന

news image
Jul 10, 2024, 5:42 am GMT+0000 payyolionline.in
കളമശേരി: കുസാറ്റ് സിൻഡിക്കേറ്റ് അംഗത്തിനെതിരായ ലൈംഗിക അതിക്രമ പരാതിയിൽ എസ്എഫ്ഐക്കും പരാതിക്കാരിക്കുമെതിരെ സർവ്വകലാശാലയിലെ ഇടത് അധ്യാപക സംഘടന. സിൻഡിക്കേറ്റ് അംഗവും അധ്യാപകനും ഇടത് നേതാവുമായ പികെ ബേബിക്കെതിരെ പരാതി വ്യാജമെന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി ടീച്ചർ അസോസിയേഷൻ പറയുന്നു. ക്യാമ്പസിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള എസ്എഫ്ഐയുടെ ശ്രമമാണിതെന്നും പരാതി നൽകിയ പെൺകുട്ടിക്കെതിരെയും ഈ പരാതിയുടെ പേരിൽ അധ്യാപകനെ ആക്രമിക്കാൻ ശ്രമിച്ച എസ്എഫ്ഐക്കെതിരെയും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അധ്യാപക സംഘടന കളമശ്ശേരി പോലീസിന് പരാതി നൽകി.

ഇക്കഴിഞ്ഞ മാർച്ച് ഒന്നാം തീയതി രാത്രി സർവകലാശാല കലോത്സവം നടക്കുന്നതിനിടെ ക്യാമ്പസിൽ വച്ച് പികെ ബേബി തന്നെ കടന്നുപിടിച്ചെന്നാണ് വിദ്യാർഥിനിയുടെ പരാതി. ഏറെ നേരത്തെ തന്നെ സംഭവം വിവാദമായിരുന്നെങ്കിലും ബേബിക്കെതിരെ നടപടിയെടുക്കാൻ സർവ്വകലാശാല തയ്യാറായിരുന്നില്ല. ബേബിക്ക് അനുകൂലമായ രാഷ്ട്രീയ ഇടപെടലുകളും ഉണ്ടായി. എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടി സർവകലാശാലയ്ക്ക് രേഖാ മൂലം പരാതി നൽകുകയായിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പരിശോധിക്കുന്ന ആഭ്യന്തര അന്വേഷണ സമിതിക്കാണ് പെൺകുട്ടി പരാതി നൽകിയത്. ഈ പരാതി സർവകലാശാല പോലീസിന് കൈമാറി. പിന്നാലെ കളമശേരി പൊലീസ് പരാതിയിൽ കേസ് രജിസ്റ്റര്‍ ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe