കൂടുതൽ ഹോട്ടലുകളുടെ പേരിൽ സൈബർ തട്ടിപ്പ്‌ ; ഓൺലൈൻ ബുക്കിങ്ങിന്‌ ഔദ്യോഗിക വെബ്‌സൈറ്റ്‌ മാത്രം ഉപയോഗിക്കണം

news image
Apr 13, 2023, 2:44 am GMT+0000 payyolionline.in

കൊച്ചി: വൻകിട ഹോട്ടലുകളുടെ വിവരങ്ങൾ കൃത്രിമമായി സൃഷ്‌ടിച്ച്‌ സൈബർ തട്ടിപ്പ്‌ നടത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്‌. സംസ്ഥാനത്ത്‌ ഒട്ടേറെ സ്വകാര്യഹോട്ടലുകളുടെ പേരിൽ തട്ടിപ്പ്‌ നടന്നു.

കൊച്ചിയിൽ മൂന്ന്‌ സ്വകാര്യഹോട്ടലുകളുടെ വിവരങ്ങൾ വ്യാജമായി സൃഷ്‌ടിച്ചാണ്‌ പണം തട്ടിയത്‌. കോട്ടയം, കൊല്ലം, മൂന്നാർ എന്നിവിടങ്ങളിലും തട്ടിപ്പ്‌ നടന്നതായി സൈബർ സെല്ലിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഗൂഗിൾ ലൊക്കേഷൻ വ്യാജമായി സൃഷ്‌ടിച്ചാണ്‌ തട്ടിപ്പ്‌ നടത്തിയതെന്ന്‌ വ്യക്തമായിട്ടുണ്ടെന്ന്‌ സൈബർ സെൽ അധികൃതർ പറഞ്ഞു. ഒരുസ്ഥലത്തെ ഹോട്ടലുകൾ ഗൂഗിളിൽ തിരയുമ്പോൾ ആദ്യം ലഭിക്കുന്നത്‌ വ്യാജ വിവരങ്ങളായിരിക്കുന്ന തരത്തിലാണ്‌ ക്രമീകരണം. ഇതിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്യുമ്പോൾ വ്യാജ വെബ്‌സൈറ്റും ബന്ധപ്പെടാൻ ഫോൺനമ്പറും ലഭിക്കും. മുറി ബുക്ക്‌ ചെയ്യാൻ ഈ നമ്പറിൽ വിളിക്കുന്നവരോട്‌ നിശ്‌ചിതതുക മുൻകൂർ ആവശ്യപ്പെടും. ഇത്‌ നൽകുന്നവരാണ്‌ തട്ടിപ്പിന്‌ ഇരയാകുക. ബുക്ക്‌ ചെയ്‌ത തീയതിയിൽ ഹോട്ടലിൽ എത്തുമ്പോഴാണ്‌ തട്ടിപ്പ്‌ തിരിച്ചറിയുന്നത്‌.

 

എറണാകുളത്തെ സ്വകാര്യഹോട്ടലിന്റെ പേരിൽ ഇത്തരം എട്ട്‌ കബളിപ്പിക്കലുകൾ നടന്നിട്ടുണ്ടെന്നും ഇതേപ്പറ്റി അന്വേഷിക്കുകയാണെന്നും സൈബർ സെൽ അധികൃതർ പറഞ്ഞു. കെടിഡിസിയുടെ ഗൂഗിൾ ബിസിനസ്‌ പേജുകളിലും ഇത്തരത്തിൽ സൈബർ തട്ടിപ്പ്‌ നടന്നിരുന്നു. ഇപ്പോഴും പല ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും പേജുകളിൽ ഇതിന്‌ ശ്രമം നടക്കുന്നുണ്ടെന്ന്‌ കെടിഡിസി അധികൃതർ പറഞ്ഞു. ജാഗ്രതപാലിക്കുന്നതിനാൽ തട്ടിപ്പ്‌ നടന്നിട്ടില്ല. സംവിധാനങ്ങളെല്ലാം നിലവിൽ സുരക്ഷിതമാണ്‌. ഓൺലൈനായി മുറികൾ ബുക്ക്‌ ചെയ്യുന്നവർ കെടിഡിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്‌ മാത്രം ഉപയോഗിക്കണമെന്ന്‌ അധികൃതർ അഭ്യർഥിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe