ബേപ്പൂർ: ശക്തിയേറിയ കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്ത് 2.5 ലക്ഷം പിഴ ഈടാക്കി. ബേപ്പൂർ പൂണാർവളപ്പ് സി. അഷറഫിന്റെ ഉടമസ്ഥതയിലുള്ള ‘ലോട്ടസ്’ ബോട്ടാണ് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ടീം ബേപ്പൂർ ഹാർബറിൽ കസ്റ്റഡിയിലെടുത്തത്.
വരുംദിവസങ്ങളിലും ലൈറ്റ് ഫിഷിങ്, നൈറ്റ് ട്രോളിങ് എന്നിവക്കെതിരെയും ലൈസൻസും, പെർമിറ്റും ഇല്ലാത്ത മത്സ്യബന്ധന യാനങ്ങൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. അനീഷ് അറിയിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ കെ. വിജുല, മറൈന്‍ എൻഫോഴ്സ്മെന്റ് എസ്.ഐ ടി.കെ രാജേഷ്, ഫിഷറീസ് ഗാർഡുമാരായ അരുൺ, ശ്രീരാജ്, റെസ്ക്യൂ ഗാർഡുമാരായ താജുദ്ദീൻ, രാജേഷ്, വിശ്വജിത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
