കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസ്സുകൾ സിറ്റി ഫാസ്റ്റ് ബസുകൾ ആക്കി സ്റ്റിക്കർ പതിപ്പിച്ചത് പരിശോധിക്കണം: കെ.ബി ഗണേഷ്കുമാർ

news image
Jun 15, 2026, 10:52 am GMT+0000 payyolionline.in

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യമെന്ന് മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ. യുഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞതാണ്. പദ്ധതി നടപ്പാക്കാൻ അവർ ബാധ്യസ്ഥരാണ്. വിദ്യാർത്ഥികളുടെ കാര്യത്തിൽ ആൺ പെൺ വ്യത്യാസമില്ലാതെ സൗജന്യം നൽകണം. വിദ്യാർത്ഥികളായ ആൺകുട്ടികൾക്ക് കൂടി സൗജന്യ യാത്ര നൽകണം. ഓർഡിനറി ബസ്സുകൾ സിറ്റി ഫാസ്റ്റ് ബസുകൾ ആക്കി എന്ന ആക്ഷേപം ഉയരുന്നു, അത് പരിശോധിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

KSRTC യിൽ ബസുകൾ വാങ്ങിയതിൽ തട്ടിപ്പ് എന്ന ആരോപണം, വ്യാജ വാർത്തകൾ നിർമിച്ചു പ്രചരിപ്പിക്കുന്നു. മാധ്യമ ധാർമ്മികതയ്ക്ക് ചേർന്നതല്ല. തെറ്റായ രേഖകൾ ആണ് പ്രചരിപ്പിച്ചത്. ഞാൻ മന്ത്രിയായിരുന്ന കാലത്ത് KSRTC യിൽ തെറ്റായ കാര്യങ്ങൾ നടന്നിട്ടില്ല. എയർ സസ്‌പെൻഷൻ ഉള്ള സൂപ്പർ ഫാസ്റ്റ് ബസ് വാങ്ങിയത് 21 ലക്ഷം രൂപയ്ക്ക്. സ്പ്രിംഗ് സസ്പെൻഷൻ ഉള്ള ഫാസ്റ്റ് പാസഞ്ചർ ബസ്സ് വാങ്ങിയത് 20 ലക്ഷം രൂപയ്ക്ക്.

എന്നാൽ ഒരു മാധ്യമം പ്രചരിപ്പിച്ച വാർത്തയിൽ ഒരു ബസിനു ഏഴു ലക്ഷം രൂപയൊക്കെ അധികമായി നൽകിയെന്നാണ്. തികച്ചും വാസ്തവ വിരുദ്ധമായ കാര്യങ്ങൾ. 30 ലക്ഷം മുടക്കി KSRTC ബസുകൾ വാങ്ങിയിട്ടില്ല. രണ്ടു ഘട്ടമായി ബസുകൾ വാങ്ങിയത് KSRTCക്ക് ലാഭമാണ് ഉണ്ടാക്കിയത്. വ്യാജ രേഖ എവിടെ നിന്നും വന്നുവെന്നു അന്വേഷിക്കണം. ഇക്കാര്യം സർക്കാർ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏതു ഉദ്യോഗസ്ഥൻ ആണ് രേഖകൾ നൽകിയതെന്നു വാർത്തകൾ നൽകിയ ലേഖകനും അന്വേഷിക്കണം. കാരണം കബളിപ്പിച്ചത് ആരാണെന്നു അറിയുമല്ലോ. സർക്കാർ അന്വേഷണം താൻ ആവശ്യപ്പെടുകയാണ്. ഇടതു മുന്നണിയുടെ കാലത്ത് അഴിമതി നടന്നിട്ടില്ലെന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. അത് കൊണ്ടാണ് വാർത്താ സമ്മേളനം വിളിച്ചു നുണ പ്രചാരണം പൊളിച്ചത്.

KSRTC യിൽ മന്ത്രിക്ക് മാത്രമായി ബസ്സ് വാങ്ങാൻ കഴിയില്ല. ഉദ്യോഗസ്ഥർ അടക്കം തീരുമാനമെടുത്താണ് ബസ്സ് വാങ്ങിയത്. സംഭാവനയായി റ്റാറ്റ സിയറ കാർ വാങ്ങിയെന്ന പ്രചാരണം, താൻ സംഭാവന വാങ്ങുന്ന ആളല്ല. താൻ ഫെഡറൽ ബാങ്കിൽ നിന്നും വായ്പ എടുത്തു വാങ്ങിയതാണ്. രേഖകൾ പരിശോധിക്കാം. കാർ വാങ്ങണമെങ്കിൽ സിനിമയിൽ അഭിനയിച്ചു വാങ്ങിക്കോളാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വണ്ടിക്ക് ഒരു ഡിസ്കൗണ്ടും തന്നിട്ടില്ല. ഏതു അന്വേഷണം നേരിടാൻ തയ്യാറാണ്. വേണമെങ്കിൽ സിബിഐ അന്വേഷിക്കട്ടെ. KSRTC യിലെ ഉദ്യോഗസ്ഥരെല്ലാം അഴിമതിക്കാരാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. തെരഞ്ഞെടുപ്പിൽ ജയിക്കുകയും തോൽക്കുകയും ചെയ്യുന്നത് ആദ്യമല്ല. പത്തനാപുരത്ത് കോൺഗ്രസും ബിജെപിയും തമ്മിലാണ് ഡീൽ നടന്നത്.

മതേതര നിലപാട് സ്വീകരിച്ചതുകൊണ്ടാണ് താൻ തോറ്റത്. തോൽവിയായിട്ട് താൻ കാണുന്നില്ല. മതേതരത്തിന്റെ പേരിൽ തോറ്റെങ്കിൽ തന്റേത് ധാർമിക വിജയമാണ്. ഇപ്പോൾ പത്തനാപുരത്ത് ഉള്ളത് കോൺഗ്രസ് ബിജെപി എംഎൽഎയെന്നും അദ്ദേഹം പരിഹസിച്ചു.

17 വയസ്സിൽ ലൈസൻസ് എടുത്തെന്ന ആക്ഷേപം, അത് തന്ന ഉദ്യോഗസ്ഥരോട് ചോദിക്കണം. അവർക്കെതിരെ നടപടി എടുക്കട്ടെ. ലൈസൻസിൽ MLA എന്ന് ചേർത്തിട്ടുണ്ടെങ്കിൽ അതിന് താൻ ഉത്തരവാദിയല്ല. തനിക്ക് ഇന്റർനാഷണൽ ലൈസൻസ് ഉണ്ട്. എന്റേ പിതാവ് അല്ലല്ലോ ആ ലൈസൻസ് തന്നതെന്നും അദ്ദേഹം ചോദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe