കെഎസ്ആ‍ർടിസിയുടെ ആദ്യ സീറ്റർ കം സ്ലീപ്പർ ബസ് എത്തി

news image
Jul 26, 2023, 12:09 pm GMT+0000 payyolionline.in

തിരുവനന്തപുരം: കെഎസ്ആർടിസി – സ്വിഫ്റ്റിലെ  ജീവനക്കാരിൽ നിന്നും കരുതൽ ധനമായി വാങ്ങിയ  തുക ഉപയോ​ഗിച്ച്  കെഎസ്ആർടിസി – സ്വിഫ്റ്റ് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക്. കൂടതൽ സൗകര്യങ്ങളോട് കൂടിയ  2 + 1  സീറ്റുകൾ ( ഒരു വശത്ത് രണ്ട് സീറ്റുകളും, മറു വശത്ത് 2 സീറ്റും) ഉള്ള 27 സീറ്ററുകളും, 15 സ്ലീപ്പർ സീറ്റുകളുമുള്ള ബസിൽ  കാഫ് സപ്പോർട്ട് ഉള്ള സെമി സ്ലീപ്പർ സീറ്റുകളാണ് ഉള്ളത്.

എല്ലാ സീറ്റുകളിലും, ബെർത്തുകളിൽ  ചാർജിം​ഗ് സൗകര്യം, മൊബൈൽ ഫോൺ സൂക്ഷിക്കാൻ മൊബൈൽ  പൗച്ച്, ചെറിയ ഹാൻഡ് ബാ​ഗേജുകൽ സൂക്ഷിക്കാൻ ല​ഗേ​ജ് സ്പേസ് ഉൾപ്പെടെയുള്ള സൗകര്യം ഉണ്ട്. കെഎസ്ആർടിസി- സ്വിഫ്റ്റിൽ നിന്നും  വിഭിന്നമായി പുതിയ ഡിസൈനിലാണ് ഈ ബസിന്റെ രൂപകൽപ്പന. യാത്രക്കാരിൽ നിന്നുള്ള  പ്രതികരണം അനുസരിച്ച്  ഇതുപോലുള്ള പുതിയ ഡിസൈൻ ഉപയോ​ഗിക്കാനാണ് തീരുമാനം.

എയർ സസ്പെഷനോട് കൂടിയ 12 മീറ്റർ അ​ശോക് ലൈലാന്റ് ഷാസിയിൽ, ബിഎസ് 6 ചേയ്സിലുമായി എസ്.എം കണ്ണപ്പ ബാംഗ്ലൂർ ആണ് ബസ് നിർമ്മാണം പൂർത്തിയാക്കിയത്.  200 എച്ച്.പി പവർ ആണ് ഈ ബസുകൾക്ക് ഉള്ളത്. സുരക്ഷയ്ക്ക് രണ്ട് എമർജസി വാതിലുകളും നാല് വശത്തും എൽഇഡി ഡിസ്പ്ലേ ബോർഡും  ഉണ്ട്. രണ്ടാമത്തെ  ഡ്രൈവർക്ക് വിശ്രമിക്കാൻ  ഡ്രൈവർ ക്യാബിൽ തന്നെ സൗകര്യം ഉണ്ട്. കൂടാതെ  ഓൺലൈൻ ട്രാക്കിം​ഗ് സംവിധാനവും ഐ അലർട്ടും ഒരുക്കിയിട്ടുണ്ട്.

കെഎസ്ആർടിസിയിൽ ആദ്യമായാണ്  ഹൈബ്രിഡ് ബസ് അവതരിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം- കാസർ​ഗോഡ് റൂട്ടിൽ ഒരു എ.സി ബസും ഒരു നോൺ എസി ബസുമാണ് പരീക്ഷണാർത്ഥത്തിൽ സർവ്വീസ് നടത്തുക. ഇതിന് ലഭിക്കുന്ന സ്വീകരണം പരിശോധിച്ച് കൂടുതൽ ബസുകൾ പിന്നീട് പുറത്തിറക്കും.

കെഎസ്ആർടിസി – സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്നും വാങ്ങുന്ന കരുതൽ ധനം ബാങ്കിൽ ഇടുന്നതിന് പകരം  ഇതിൽ ലഭിക്കുന്ന ലാഭവിതത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാർക്ക് തിരികെ നൽകും. ഇത്തരത്തിലുള്ള പുതിയ സംരംഭങ്ങളിലൂടെ ലഭിക്കുന്ന ലാഭം ജീവനക്കാരുമായി പങ്ക് വെയ്ക്കാനാണ് കെഎസ്ആർടിസി – സ്വിഫ്റ്റിന്റെ ശ്രമമെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഇത്തരത്തിൽ പൊതു ജനങ്ങളുടെ സഹകരണത്തോടെ കൂടുതൽ ബസുകൾ വാങ്ങി അതിന്റെ ലാഭം അവർക്ക് തന്നെ നൽകുന്ന പദ്ധതിയും നടപ്പാക്കാൻ കെഎസ്ആർടിസിക്ക് ലക്ഷ്യമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe