ശബരിമലയിൽ മകരവിളക്കിന് വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. കൂടുതൽ പൊലീസിനെ മകരവിളക്ക് പ്രമാണിച്ച് ശബരിമലയിൽ നിയോഗിച്ചിട്ടുണ്ട്. മകരവിളക്ക് ദർശിക്കുന്നതിനു വേണ്ടി ഭക്തർക്കും വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവാഭരണ ഘോഷയാത്ര കടന്നുവരുന്ന വഴികൾ ഇതിനുവേണ്ടി സജ്ജമാക്കിയിട്ടുണ്ട്. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ കാനനപാതയിലൂടെയുള്ള യാത്ര അനുവദിക്കുകയുള്ളൂ. മകരവിളക്ക് കഴിഞ്ഞ് ഇറങ്ങുന്ന ഭക്തർക്ക് യാത്രയ്ക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസി കൂടുതൽ സർവീസുകളും ഇതിനായി നടത്തും. ഒപ്പം മല ഇറങ്ങുമ്പോൾ ഭക്തരുടെ സുരക്ഷയ്ക്കായി പൊലീസും ഉണ്ടാകും.
മകരവിളക്ക് കാണാനായി രണ്ടുതരം പാസ് അനുവദിക്കുന്നുണ്ടെന്നും ഇത് മറിച്ചു നൽകാൻ പാടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ പറഞ്ഞു. പർണശാല കെട്ടി താമസിക്കുന്ന തീർത്ഥാടകർക്ക് ഭക്ഷണം എത്തിക്കുന്നതിന് വേണ്ടി മന്ത്രി നിർദേശം നൽകി.
