തിരുവനന്തപുരം: കെഎസ്ആർടിസി 370 പുതിയ ബസുകൾ വാങ്ങും. 220 മിനിബസും 150 ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളുമടക്കമാണിത്. ഫണ്ട് ലഭ്യമായാൽ ഉടൻ ബസുകൾ നിരത്തിലെത്തുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡീസൽ ബസുകളാണ് വാങ്ങുന്നത്. 30 ബസുവരെ കടമായി നൽകാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ഗ്രാമീണ റൂട്ടുകളിലേക്കായാണ് 40- 42 സീറ്റുകളുള്ള മിനി ബസുകൾ ഉപയോഗിക്കുക. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് കൊട്ടാരക്കരയിലേക്കും കോഴിക്കോടേക്കും പുതിയ സർവീസുകൾ ആരംഭിക്കും. എസി സൂപ്പർ പ്രീമിയം ഫാസ്റ്റുകൾക്ക് മികച്ച കലക്ഷൻ ലഭിക്കുന്നുണ്ട്. ഈ ക്ലാസിൽ കൂടുതൽ സർവീസുകൾ നിരത്തിലിറക്കും. 30 എസി സ്ലീപ്പർ, സെമി സ്ലീപ്പർ ബസുകൾ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ശബരിമല തീർഥാടനത്തിന് മതിയായ സർവീസുകൾ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.