കെടിയു വിസി സ്ഥാനത്തേക്ക് സംസ്ഥാന സർക്കാർ മൂന്ന് പേരുകൾ നിർദ്ദേശിച്ചു; ഗവർണർ നിയമോപദേശം തേടിയേക്കും

news image
Feb 21, 2023, 3:41 pm GMT+0000 payyolionline.in

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല വിസി സ്ഥാനത്തേക്കുള്ള പേരുകൾ സംസ്ഥാന സർക്കാർ സർവകലാശാല ചാൻസലറായ ഗവർണർക്ക് നൽകി. താത്കാലിക വിസി സിസ തോമസിനെ മാറ്റി പുതിയ നിയമനത്തിനുള്ളതാണ് പേരുകൾ. മൂന്ന് പേരുൾപ്പെട്ട പാനലാണ് സംസ്ഥാനം ചാൻസലർക്ക് തീരുമാനത്തിനായി കൈമാറിയിരിക്കുന്നത്. കേരള ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ വൃന്ദ വി നായർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ ബൈജു ഭായ്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ സതീഷ് കുമാർ എന്നിവരുടെ പേര് അടങ്ങിയ പാനൽ ആണ് നൽകിയത്. നിയമോപദേശത്തിന് ശേഷം മാത്രമായിരിക്കും പാനലിൽ ഗവർണർ തീരുമാനം എടുക്കുക. നേരത്തെ സർക്കാർ നൽകിയ പേരുകൾ തള്ളിയാണ് ഗവർണർ സിസ തോമസിനെ നിയമിച്ചത്.

മുൻപ് യോഗ്യതയില്ലാത്തവരെ നിയമിച്ചുവെന്ന കാരണത്താൽ സർവകലാശാല വിസി നിയമനാധികാരം സംസ്ഥാന സർക്കാരിന് ഇല്ലാതാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നിയമം മറികടന്ന് ഗവർണർക്ക് സ്ഥിരം വിസി നിയമനം നടത്താനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സിസ തോമസിന്‍റെ നിയമനം ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീലിലെ ഉത്തരവ് പുറത്ത് വന്നപ്പോഴാണ് ഈ പരാമർശങ്ങളുള്ളത്.

സിസ തോമസിനെ കേരള സാങ്കേതിക സർവകലാശാല വിസിയായി നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ അപ്പീൽ ഹർജി സമർപ്പിച്ചത്. ഈ കേസിലെ വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ. വൈസ് ചാൻസലർ നിയമനം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാണ്. നേരത്തെ സർക്കാർ തയ്യാറാക്കിയ പാനലിലുള്ളവർ‍ക്ക് യു ജി സി നിഷ്കർഷിക്കുന്ന യോഗ്യതയില്ല. എന്നാൽ അതിന്റെ പേരിൽ വീണ്ടും നിയമന ശുപാർശ നൽകാനുള്ള സംസ്ഥാന സർക്കാറിന്റെ നിയമപരമായ അധികാരം ഇല്ലാതാവില്ല. സർവകലാശാല ചട്ടം മറികടന്ന് ചാൻസലർ കൂടിയായ ഗവർണർക്ക് സ്ഥിരം വിസി നിയമനം നടത്താനുമാകില്ല. അതിനാൽ, സംസ്ഥാന സർക്കാറിനെ മറികടന്ന് സാങ്കേതിക സർവകലാശാല സ്ഥിരം വിസിയെ നിയമിക്കാൻ ചാൻസലർക്കാകില്ലെന്നും രണ്ടംഗ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe