കൊച്ചി: കെട്ടിടത്തിന് ലൈസൻസ് നൽകാമെന്ന് വാഗ്ദാനം നൽകി കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. തൃക്കാക്കര നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ നിതീഷ് റോയിയെയാണ് അന്വേഷണ വിധേയമായി പ്രിൻസിപ്പൽ ഡയറക്ടർ സസ്പെൻഡ് ചെയ്തത്. റസിഡൻഷ്യൽ കെട്ടിടത്തിന് ലൈസൻസ് നൽകാമെന്ന് വാഗ്ദാനം നൽകി 8000 രൂപയാണ് വാങ്ങിയത്. തൃക്കാക്കര നഗരസഭാ സെക്രട്ടറിക്ക് മുന്നിൽ പണം വാങ്ങിയതായി സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
പിന്നീട് വിവാദമായതോടെ ഗൂഗിൾ പേ വഴി കെട്ടിട ഉടമയ്ക്ക് പണം തിരികെ കൊടുക്കുകയും ചെയ്ത് തടിയൂരുകയും ചെയ്തിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവർത്തകനായ സി സതീശൻ പ്രിൻസിപ്പൽ ഡയറക്ടർ കൊടുത്ത പരാതിയെ തുടർന്നാണ് നടപടി.