കോഴിക്കോട്: സ്വന്തം വീടുണ്ട്, നമ്പറുണ്ട്. എന്നാൽ, തദ്ദേശസ്ഥാപനങ്ങളിൽനിന്ന് സാങ്കേതികകാരണങ്ങളാൽ വിവരങ്ങളെല്ലാം നഷ്ടമായതിനാൽ നികുതിയടയ്ക്കാൻപോലും പറ്റാതെ പൊതുജനം. നികുതിപരിഷ്കരണവുമായി ബന്ധപ്പെട്ട് നിശ്ചിത ഫോറം പൂരിപ്പിച്ചുനൽകാത്തവരും ദീർഘകാലം നികുതിയടയ്ക്കാത്തവരുമായ പലരുടെയും വിവരങ്ങളാണ് സോഫ്റ്റ്‌വേറിൽനിന്ന് നഷ്ടപ്പെട്ടത്.2024-ൽ േഡറ്റ ശുദ്ധീകരണത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. അതിനുശേഷം ഈ വിവരങ്ങളൊന്നുംതന്നെ തദ്ദേശസ്ഥാപനത്തിലില്ല. സംസ്ഥാനത്തൊട്ടാകെ ഇത്തരം പ്രശ്നമുണ്ട്. കോഴിക്കോട് കോർപ്പറേഷനിൽമാത്രം ആയിരത്തോളം കെട്ടിടങ്ങളുടെ വിവരം ഇത്തരത്തിൽ നഷ്ടമായിട്ടുണ്ടെന്നാണ് സംശയം.
കെട്ടിടഉടമകൾ നികുതിയടയ്ക്കാൻ പറ്റാത്തതിന്റെ പരാതിയുമായി തദ്ദേശസ്ഥാപനത്തിലെത്തുമ്പോൾമാത്രമാണ് ഡേറ്റ നഷ്ടമായ കാര്യം തിരിച്ചറിയുന്നത്. ഡേറ്റ നഷ്ടമായ കെട്ടിടങ്ങളുടെ വിവരം പുനഃസ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കുതന്നെ അനുമതി നൽകിയാൽ പൊതുജനങ്ങൾക്ക് കാലതാമസംകൂടാതെ സേവനം ലഭ്യമാക്കാനാവും.
എങ്ങനെ നഷ്ടപ്പെട്ടു പൊളിച്ചുകളഞ്ഞിട്ടും രേഖകളിൽമാത്രം കിടക്കുന്ന കെട്ടിടങ്ങളുടെയുംമറ്റും വിവരങ്ങൾ ഒഴിവാക്കാൻ മാസങ്ങൾക്കുമുൻപ് ഡേറ്റ ശുദ്ധീകരണം നടത്തിയിരുന്നു. അങ്ങനെ പലതും ഒഴിവാക്കി. അതിനൊപ്പം ഇത്തരത്തിൽ നികുതിയടയ്ക്കാത്ത കെട്ടിടങ്ങളുടെ വിവരവും പോയിട്ടുണ്ടെന്നാണ് കരുതുന്നത്. നികുതിപരിഷ്കരണസമയത്ത് നിശ്ചിതഫോറം വീടുകളിലൊക്കെ എത്തിച്ചുനൽകിയിരുന്നു. എന്നിട്ടും പലരും തന്നില്ലെന്നും നിലവിലുള്ള പ്രശ്നം പ്രത്യേകമായി പരിഹരിക്കേണ്ടിവരുമെന്നുമാണ് അധികൃതർ പറയുന്നത്.
തിരിച്ചെടുക്കാൻ പാടുപെടും
ഈ കെട്ടിടങ്ങളുടെ വിവരം തിരിച്ചെടുക്കൽ തദ്ദേശസ്ഥാപനങ്ങൾക്ക് നേരിട്ട് ചെയ്യാനാവില്ല. നിലവിൽ കെ സ്മാർട്ട് വഴിയാണ് നികുതിയും മറ്റുസേവനങ്ങളും അപേക്ഷകളുമെല്ലാം പൂർത്തിയാക്കുന്നത്. വീടുകളുടെയും കെട്ടിടങ്ങളുടെയും നഷ്ടമായ വിവരങ്ങൾ തിരികെ ലഭിക്കണമെങ്കിൽ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽനിന്നുൾപ്പെടെയുള്ള അനുമതി വേണം. അതിനുശേഷം ഇൻഫർമേഷൻ കേരള മിഷന്റെകൂടി ഇടപെടലോടെമാത്രമേ വിവരം പുനഃസ്ഥാപിക്കാൻ പറ്റൂ. എന്നാൽ, ഇതിനുള്ള നടപടിക്രമങ്ങൾ അന്തമില്ലാതെ നീളുകയാണ്.