തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവിൽ കെ.എസ്.ആര്.ടി.സിയില്‍ ജൂലൈയിലെ ശമ്പളം നൽകിത്തുടങ്ങി. ബുധനാഴ്ച രാത്രിയോടെയാണ് ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് തുക കൈമാറിയത്. ധനവകുപ്പ് അനുവദിച്ച 40 കോടികൂടി ബുധനാഴ്ച അക്കൗണ്ടിലെത്തിയതോടെയാണ് വിതരണത്തിന് വഴിതുറന്നത്. ഈ 40 കോടിയടക്കം സര്‍ക്കാര്‍ നല്കിയ 70 കോടി രൂപയാണ് ശമ്പളവിതരണത്തിന്റെ പ്രധാന ആശ്രയം. തൊഴില്‍ നികുതി, ഡയസ്നോണ്‍ എന്നിവ കുറയ്ക്കേണ്ടിവന്നതിനാല്‍ 76 കോടി രൂപയാണ് ശമ്പളവിതരണത്തിന് വേണ്ടിവന്നത്.
ഇതിന് പുറമേ ഓണം ഉത്സവാനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്. താൽക്കാലിക ജീവനക്കാര്‍, ബദലി ജീവനക്കാര്‍ എന്നിവര്‍ക്ക് 1000 രൂപവീതവും, സ്ഥിരജീവനക്കാര്ക്കുള്ള ആനുകൂല്യമായ 2750 രൂപയും വ്യാഴാഴ്ച നല്‍കും. സ്ഥിര ജീവനക്കാര്‍ക്ക് 7500 രൂപവീതം ശമ്പള അഡ്വാന്‍സ് നല്കാന് തീരുമാനിച്ചിരുന്നു. ജൂലൈയിലെ പെന്ഷന് കുടിശ്ശിക വ്യാഴാഴ്ച വിതരണം ചെയ്തേക്കും. ശമ്പളവിതരണം ഉള്‍പ്പെടെയുള്ളവ വേഗത്തിലാക്കാന്‍ ബുധനാഴ്ച രാവിലെ ബാങ്ക് അധികൃതരുടെ യോഗം ചേര്‍ന്നിരുന്നു.
ആഗസ്റ്റ് 22 നുള്ളില്‍ ശമ്പളം വിതരണം ചെയ്യുമെന്നായിരുന്നു മന്ത്രിതലയോഗത്തിലെ വാഗ്ദാനമെങ്കിലും ഒരു ദിവസം വൈകിയാണ് ശമ്പളമെത്തിയത്. ധനവകുപ്പ് നൽകിയ ഉറപ്പ് പാലിക്കാത്തതാണ് വൈകലിന് കാരണം. 50 കോടി രൂപ ഓവര്‍ഡ്രാഫ്റ്റിലാണ് കെ.എസ്.ആര്.ടി.സി കുറേമാസമായി കഴിയുന്നത്.
ഇത് പൂര്‍ണമായും അടച്ചുതീര്‍ക്കാനുള്ള തുക സര്‍ക്കാര്‍ നല്കിയിരുന്നെങ്കില് വരുമാനത്തില്‍നിന്ന് ഒരുവിഹിതം ശമ്പളത്തിന് മിച്ചം പിടിക്കാമായിരുന്നു. ഓരോ മാസവും 50 കോടി ഓവര്‍ഡ്രാഫ്റ്റ് അടച്ചുതീര്‍ക്കുകയും വീണ്ടും എടുക്കുകയുമാണ്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ പെന്‍ഷനും കുടിശ്ശികയുണ്ട്. 140 കോടി രൂപ ഇതിന് വേണം.