കെ.എസ്.യു നേതാവിന്റെ വീടിനുനേരെ ബോംബേറ്: രണ്ട് സി.പി.എം പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ

news image
Mar 11, 2026, 11:56 am GMT+0000 payyolionline.in

വടകര: തോടന്നൂരിൽ കെ.എസ്.യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ട് സി.പി.എം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. തോടന്നൂർ സ്വദേശികളായ രൂപേഷ്, പള്ളിക്കുന്ന് മിഥുൻലാൽ എന്നിവരെയാണ് വടകര പോലീസ് പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ മാസം 27-ന് പുലർച്ചെയാണ് കെ.എസ്.യു നേതാവ് ബിതുൻബാലന്റെ വീടിനുനേരെ അക്രമമുണ്ടായത്. ബോംബേറിൽ വീടിന്റെ ജനൽച്ചില്ലുകൾ തകരുകയും ചുമരിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. കണ്ണൂരിൽ വച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നടത്തിയ പ്രതിഷേധത്തിൽ ബിതുൻബാലൻ പങ്കെടുത്തിരുന്നു. ഇതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പരാതിയുയർന്നിരുന്നു.

കസ്റ്റഡിയിലുള്ള പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. അക്രമത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe