കെ.ടെറ്റ് അപേക്ഷ ഏപ്രിൽ മൂന്ന് മുതൽ 17 വരെ; പരീക്ഷ മേയ് 12നും 15നും

news image
Mar 23, 2023, 2:14 pm GMT+0000 payyolionline.in

തിരുവനന്തപുരം: എൽ.പി, യു.പി, ഹൈസ്കൂൾ അധ്യാപക യോഗ്യത പരീക്ഷയായ കേരള എലിജിബിലിറ്റി ടെസ്റ്റിന് (കെ.ടെറ്റ്) വിജ്ഞാപനം പുറപ്പെടുവിച്ചു. കാറ്റഗറി ഒന്ന് – ലോവർ പ്രൈമറി, കാറ്റഗറി രണ്ട് -അപ്പർ പ്രൈമറി, കാറ്റഗറി മൂന്ന് -ഹൈസ്കൂൾ വിഭാഗം, കാറ്റഗറി നാല് -ഭാഷാ അധ്യാപകർ (അറബി, ഹിന്ദി, സംസ്കൃതം, ഉറുദു) യു.പി തലം വരെ, സ്പെഷലിസ്റ്റ് അധ്യാപകർ (ആർട്ട് ആൻഡ് ക്രാഫ്റ്റ്, കായിക അധ്യാപകർ) എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് പരീക്ഷ. ഏപ്രിൽ മൂന്ന് മുതൽ 17 വരെ https://ktet.keralagov.in എന്ന വെബ്പോർട്ടൽ വഴി അപേക്ഷ സമർപ്പണവും ഫീസൊടുക്കലും നടത്താം.

കാറ്റഗറി ഒന്നിനും രണ്ടിനും മേയ് 12നും മൂന്ന്, നാല് കാറ്റഗറികൾക്ക് മേയ് 15നുമാണ് പരീക്ഷ. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർ/കാഴ്ച പരിമിതർ വിഭാഗത്തിലുള്ളവർ 250 രൂപ വീതവും ഫീസ് അടക്കണം. നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടക്കാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാൻ യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസ്, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ കഴിയൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് തിരുത്തലുകൾ അനുവദിക്കില്ല. വിജ്ഞാപനം വായിച്ച് മനസ്സിലാക്കിയ ശേഷമായിരിക്കണം അപേക്ഷ സമർപ്പണം നടത്തേണ്ടത്.

പേര്, ജനന തീയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കേണ്ടതും വിജ്ഞാപനത്തിൽ പറഞ്ഞതുപ്രകാരം 2022 ഒക്ടോബർ ഒന്നിന് ശേഷം എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യണ്ടതുമാണ്. ഫോട്ടോയിൽ പരീക്ഷാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തണം. ഫോട്ടോയിൽ മറ്റ് സീലുകൾ പതിയാൻ പാടില്ല. സെൽഫി രൂപത്തിലുള്ള ഫോട്ടോ സ്വീകാര്യമല്ല. അപേക്ഷ സമർപ്പിക്കുമ്പോൾ വെബ്സൈറ്റിൽനിന്ന് ഒരു തിരിച്ചറിയൽ കാർഡ് സെലക്ട് ചെയ്യുകയും അതിന്‍റെ അസ്സൽ പരീക്ഷാഹാളിൽ ഇൻവിജിലേറ്റർക്ക് പരിശോധനക്കായി ലഭ്യമാക്കുകയും വേണം. ഏപ്രിൽ 25 മുതൽ വെബ്സൈറ്റിൽനിന്ന് ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം.

പരീക്ഷ ടൈം ടേബിൾ:

കാറ്റഗി ഒന്ന് – മേയ് 12ന് രാവിലെ 10 മുതൽ 12.30 വരെ.

കാറ്റഗറി രണ്ട്: മേയ് 12ന് ഉച്ചക്ക് ശേഷം രണ്ട് മുതൽ 4.30 വരെ.

കാറ്റഗറി മൂന്ന്: മേയ് 15ന് രാവിലെ പത്ത് മുതൽ 12.30 വരെ.

കാറ്റഗറി നാല്: മേയ് 15ന് ഉച്ചക്ക് ശേഷം രണ്ട് മുതൽ 4.30 വരെ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe