തൊടുപുഴ > സ്വകാര്യ നെറ്റ്‍വർക്ക് കമ്പനികളുടെ കൊള്ളയിൽനിന്ന് സാധാരണക്കാരെ രക്ഷിക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. ജൂൺ അഞ്ചിന് ആരംഭിച്ച പദ്ധതിയിൽ ജില്ലയിൽ ഇതുവരെ 80 ശതമാനം കേബിളുകൾ സ്ഥാപിച്ചു കഴിഞ്ഞെന്ന് കെ ഫോൺ അധികൃതർ പറഞ്ഞു. ആകെ 2077 കിലോമീറ്റർ കേബിളാണ് സ്ഥാപിക്കേണ്ടത്. ഇതിൽ 1664 കിലോമീറ്ററും പൂർത്തിയായി.
കുറഞ്ഞ ചെലവിൽ എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ലഭ്യത ലക്ഷ്യമിടുന്നതാണ് പദ്ധതി. ജൂൺ അഞ്ചിന് ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടത്തിൽ 1480 സർക്കാർ ഓഫീസുകളിൽ കണക്ഷൻ നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇതിൽ 1043ഉം പൂർത്തിയായി കണക്ഷൻ നൽകി. ലക്ഷ്യത്തിന്റെ 70 ശതമാനം. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 573 ബിപിഎൽ വീടുകളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെട്ടത്. ഇതിൽ 104 വീടുകളിൽ കെ ഫോൺ കണക്ഷൻ കിട്ടി. ബാക്കിയുള്ളതിൽ പകുതിയിലേറെയിടങ്ങളിലും കേബിൾ സ്ഥാപിച്ചു. ഇവിടങ്ങളിൽ മോഡം വച്ച് കണക്ഷൻ നൽകുകയേ വേണ്ടു.
കാലവർഷമെത്തിയത് പദ്ധതി നിർവഹണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എങ്കിലും പ്രതിസന്ധികൾ തരണംചെയ്‍ത് ഉടനെ ആദ്യഘട്ടം പൂർത്തിയാക്കും, അധികൃതർ പറഞ്ഞു. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്‌ട്രക്ചർ ലിമിറ്റഡും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ സർക്കാർ ഓഫീസുകൾക്ക് പുറമേ ഒരു നിയമസഭാ മണ്ഡലത്തിൽ 100 ബിപിഎൽ വീടുകൾക്ക് സൗജന്യ കണക്ഷൻ നൽകുകയാണ് ആദ്യഘട്ട ലക്ഷ്യം. ഇത്തരത്തിൽ നോക്കിയാൽ 500 വേണ്ടിടത്ത് ജില്ലയിൽ 573 വീടുകളാണ് പട്ടികയിലുള്ളത്.
വാണിജ്യ കണക്ഷനുകളാണ് രണ്ടാം ഘട്ടം. ഇതിനുള്ള രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. പൂർത്തിയായാലുടൻ കേബിൾ സ്ഥാപിക്കാനുള്ള സ്ഥാപനത്തെ തെരഞ്ഞെടുക്കാൻ ടെൻഡർ നടപടികൾ തുടങ്ങും. പുതിയ ഗാർഹിക കണക്ഷൻ എടുക്കുന്നവർക്ക് എന്റെ കെ ഫോൺ എന്ന മൊബൈൽ ആപ്പിലൂടെയോ www.kfon.in വെബ്സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം.
വീടുകളിൽ കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് സേവനം ലഭ്യമാകുന്നതോടൊപ്പം സർക്കാരിന് വലിയ വരുമാനവും രണ്ടാംഘട്ടം മുതൽ ലഭിച്ചുതുടങ്ങും. സ്വകാര്യ സേവനദാതാക്കൾ എത്തിപ്പെടാത്ത സ്ഥലങ്ങളിലെല്ലാം കെ ഫോൺ നെറ്റ്‌വർക്ക് ഉണ്ടാകും. റേഷൻകടകൾ, സപ്ലൈകോ ഔട്ട്‌ലറ്റുകൾ, കേരള ബാങ്ക് പോലുള്ള സർക്കാർ സ്ഥാപനങ്ങൾക്കും വാണിജ്യ അടിസ്ഥാനത്തിൽ കണക്‌ഷൻ നൽകും.