കൊച്ചി: കെ ഫോണ്‍ പദ്ധതിയിലെ അഴിമതി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി. പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമായിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടത്. വിശദമായ ഉത്തരവ് പുറത്തുവന്നാൽ മാത്രമേ ഹരജി തള്ളിക്കൊണ്ടുള്ള കോടതിയുടെ മറ്റ് നിരീക്ഷണങ്ങൾ ലഭ്യമാകൂ.
നേരത്തെ ഹരജി പരിഗണിച്ചപ്പോൾ വി.ഡി. സതീശനെ കോടതി വിമർശിച്ചിരുന്നു. പൊതുതാത്പര്യമാണോ പബ്ലിസിറ്റി താത്പര്യമാണോ ഹരജിക്ക് പിന്നിൽ എന്ന് വാദത്തിനിടെ കോടതി വിമര്‍ശിച്ചിരുന്നു. ലോകായുക്തക്ക് എതിരായ ഹരജിയിലെ പരാമര്‍ശങ്ങള്‍ കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിന് പിന്‍വലിക്കേണ്ടി വന്നു.
കരാറിന് പിന്നില്‍ ആസൂത്രിതമായ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം. 2018ലെ കരാര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന വിമര്‍ശനവും പ്രതിപക്ഷ നേതാവിന് നേരെ കോടതിയില്‍ നിന്നുയര്‍ന്നിരുന്നു.
ചട്ടം ലംഘിച്ചാണ് പദ്ധതിക്ക് കരാർ നൽകിയതെന്നും സർക്കാറിനെ നിയന്ത്രിക്കുന്നവരുമായി ബന്ധമുള്ള കമ്പനികൾക്കാണ് കരാർ അനുവദിച്ചതെന്നതുമടക്കം ചൂണ്ടിക്കാട്ടിയാണ് സതീശൻ ഹരജി നൽകിയത്. ലോകായുക്തയെക്കൊണ്ട് കാര്യമില്ലെന്നും സമീപിച്ചിട്ട് പ്രയോജനമില്ലെന്നുമായിരുന്നു സതീശന്റെ ഹരജിയിലെ പരാമർശം. എന്നാൽ, ഇത്തരമൊരു പരാമർശം ഹരജിയിൽ ഉൾപ്പെടുത്തിയത് ശരിയായ നടപടിയല്ലെന്നും ഉത്തരവാദപ്പെട്ട രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ഇത്തരം പരാമർശങ്ങൾ അനുചിതമാണെന്നും കോടതി ചൂണ്ടിക്കാട്ടിയതോടെ പരാമർശം ഒഴിവാക്കുകയായിരുന്നു.