വാഴൂർ (കോട്ടയം): സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് ഓഫിസുകളിൽ ഏപ്രിൽ 10 വരെ പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥതലത്തിലുള്ള സേവനങ്ങൾ തടസ്സപ്പെടും. പഞ്ചായത്തുകളിലെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പൊതുജന കേന്ദ്രീകൃതമാക്കുന്നതിനും നടപ്പാക്കുന്ന പുതിയ സോഫ്റ്റ്വെയർ സംവിധാനമായ കെ സ്മാർട്ട് വിന്യാസത്തിനുവേണ്ടിയുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് തടസ്സം നേരിടേണ്ടിവരുക.
ഐ.എൽ.ജി.എം.എസ്, സേവന, സഞ്ചയ, സകർമ സുലേഖ എന്നിങ്ങനെ വിവിധ സോഫ്റ്റ്വെയറുകളുടെ സഹായത്തോടെയായിരുന്നു പഞ്ചായത്ത് ഓഫിസുകൾ പ്രവർത്തിച്ചിരുന്നത്. ഈ സംവിധാനം ഒഴിവാക്കി നടപ്പാക്കുന്ന ഏകീകൃത സോഫ്റ്റ്വെയറാണ് കെ-സ്മാർട്ട്. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഒരു വർഷം മുമ്പ് കെ-സ്മാർട്ട് നടപ്പാക്കിയിരുന്നു. അപ്പോഴുണ്ടായ പോരായ്മകൾ പരിഹരിച്ചാണ് സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തിലും പുതിയ സോഫ്റ്റ്വെയർ നടപ്പാക്കുന്നത്.
പുതിയ സോഫ്റ്റ്വെയർ നിലവിൽ വരുന്നതോടെ പൊതുജനങ്ങൾക്ക് പഞ്ചായത്ത് ഓഫിസിൽ എത്താതെ തന്നെ സേവനങ്ങൾ ലഭ്യമാകും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഫ്രണ്ട് ഓഫിസ് സംവിധാനം ഇതോടെ ഇല്ലാതാകും. ജനങ്ങൾക്ക് അക്ഷയകേന്ദ്രങ്ങൾ മുഖേനയും സ്വന്തംനിലക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുകയും ഓൺലൈനിൽ തന്നെ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യും.
പൊതുജനങ്ങൾക്ക് അപേക്ഷ സമർപ്പിക്കുന്നതിന്റെ സൗകര്യാർഥം എല്ലാ പഞ്ചായത്ത് ഓഫിസുകളിലും സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തനം തുടങ്ങും. സ്വന്തംനിലയിൽ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാൻ അറിവില്ലാത്തവർക്ക് ഈ സെന്ററുകളിൽ അപേക്ഷ സമർപ്പിക്കാനുള്ള സേവനങ്ങൾ ലഭ്യമാകും. ഗ്രാമപഞ്ചായത്ത് ഓഫിസുകളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാർക്ക് ഫെസിലിറ്റേഷൻ സെന്ററുകൾ ചുമതല നൽകി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.