കേന്ദ്രത്തിന് തിരിച്ചടി; ഉദ്യോഗസ്ഥ നിയമനത്തിൽ ഡൽഹി സർക്കാറിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി

news image
May 11, 2023, 8:24 am GMT+0000 payyolionline.in

ന്യൂഡൽഹി: ഡൽഹി സർക്കാറും ലഫ്റ്റനന്റ് ഗവർണറും തമ്മിലുള്ള തർക്കത്തിൽ നിർണായക വിധിയുമായി സുപ്രീംകോടതി. ഡൽഹിയിലെ ഉദ്യോഗസ്ഥ നിയമനത്തിൽ അരവിന്ദ് കെജ്രിവാൾ സർക്കാറിന് നിയന്ത്രണമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. കേന്ദ്രസർക്കാറിന് തിരിച്ചടി നൽകുന്നതാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധി. മന്ത്രിസഭയുടെ നിർദേശപ്രകാരമാണ് ലഫ്റ്റനന്റ് ഗവർണർ ​പ്രവർത്തിക്കേണ്ടത്. ഭരിക്കാനുള്ള അധികാരം തെരഞ്ഞെടുക്കപ്പെട്ടവർക്കാണെന്നും സുപ്രീംകോടതി വിധിച്ചു.

ഡൽഹിയിലെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും സംസ്ഥാന സർക്കാറിന് അധികാരമുണ്ട്. ക്രമസമാധാനം, റവന്യു ഒഴികെയുള്ളവയിൽ ഡൽഹി സർക്കാറിന് അധികാരമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ഭരണഘടനയുടെ 239 എ.എ. അനുച്ഛേദപ്രകാരം ആര്‍ക്കാണ് ഡല്‍ഹിയിലെ ഭരണപരമായ അധികാരമെന്ന വിഷയത്തിലാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പ്രസ്താവിക്കുന്നത്. ലെഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുക ആണെന്ന് ആരോപിച്ച് ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിലാണ് വിധി പ്രസ്താവം. ഉദ്യോഗസ്ഥരുടെ മേല്‍ നിയന്ത്രണമില്ലാത്ത സര്‍ക്കാര്‍, രാജ്യം ഇല്ലാത്ത രാജാവിനെ പോലെയാണെന്നാണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍ ഡല്‍ഹി രാജ്യതലസ്ഥാനമായത് കൊണ്ടുതന്നെ ഇവിടത്തെ ഭരണത്തില്‍ തങ്ങള്‍ക്ക് മുഖ്യപങ്ക് വഹിക്കാനുണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ഡല്‍ഹിയിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍, സര്‍ക്കാരിന്റെ ഉപദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണെന്നാണ് 2018-ല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. കേന്ദ്രവും സര്‍ക്കാരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഭരണഘടനാ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് ശേഷവും ഉദ്യോഗസ്ഥ നിയമനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടര്‍ന്നിരുന്നു.

ഈ തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ 2019 ഫെബ്രുവരി 14-ന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്നവിധികളെഴുതിയിരുന്നു. ജസ്റ്റിസുമാരായ എ.കെ. സിക്രിയും അശോക് ഭൂഷണുമാണ് ഭിന്നവിധികളെഴുതിയത്. ഇതേ തുടര്‍ന്ന് വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നു. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് മൂന്നംഗ ബെഞ്ച് ഡല്‍ഹി സര്‍ക്കാരിന്റെ ഹര്‍ജി അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe