കേന്ദ്രീയ വിദ്യാലയ സംഗതൻ (കെവിഎസ്) 2025-26 അധ്യയന വർഷത്തിലെ 2 മുതൽ 12 വരെ ക്ലാസുകളിലേക്കും ബാലവാടികയിലേക്കുമുള്ള ഓഫ്‌ലൈൻ പ്രവേശന നടപടികൾ തുടങ്ങി. ഏപ്രിൽ രണ്ടു മുതൽ 11 വരെയാണ് ഓഫ്‌ലൈൻ രജിസ്ട്രേഷനുള്ള സമയം.
കേന്ദ്രീയ വിദ്യാലയങ്ങളിൽ (കെവി) പ്രവേശനത്തിന് അപേക്ഷിക്കുന്ന രക്ഷിതാക്കൾ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ അതത് സ്കൂളുകളിൽ ഓഫ്‌ലൈനായി അപേക്ഷാ ഫോമുകൾ സമർപ്പിക്കണം. പ്രവേശന ഷെഡ്യൂൾ അനുസരിച്ച്, ആദ്യ താൽക്കാലിക സെലക്ഷൻ ലിസ്റ്റ് ഏപ്രിൽ 17 ന് പ്രഖ്യാപിക്കും. പ്രവേശന നടപടികൾ ഏപ്രിൽ 18 മുതൽ 21 വരെ നടക്കും.
കെവിഎസ് പ്രവേശനം 2025: പ്രധാന തീയതികൾ
ബാലവാടിക-1, ബാലവാതിക-3, ക്ലാസ് 1 എന്നിവയിലേക്കുള്ള രജിസ്ട്രേഷൻ മാർച്ചിൽ പൂർത്തിയായി. ക്ലാസ് 1-ന്റെ ഫലങ്ങൾ മാർച്ച് 27-ന് പ്രഖ്യാപിച്ചു, ബാലവാടിക-1, ബാലവാതിക-3 യിലേക്കുള്ള ആദ്യ താൽക്കാലിക പട്ടിക balvatika.kvs.gov.in എന്ന ഔദ്യോഗിക പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വിഭാഗങ്ങൾക്കായുള്ള രണ്ടാമത്തെ താൽക്കാലിക പട്ടിക ഉടൻ പുറത്തിറക്കും.
എല്ലാ ക്ലാസുകളിലേക്കും (ക്ലാസ് 11 ഒഴികെ) പ്രവേശനത്തിനുള്ള അവസാന തീയതി 2025 ജൂൺ 30 ആണ്. എന്നാൽ, സീറ്റുകൾ ഒഴിവുണ്ടെങ്കിൽ മേഖലയിലെ അതത് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് പ്രവേശനം ജൂലൈ 31 വരെ നീട്ടാവുന്നതാണ്. ഓരോ ക്ലാസിലും വിദ്യാർത്ഥികളുടെ എണ്ണം 40 ൽ കൂടുന്നില്ലെന്ന് ഉറപ്പാക്കണം.