കൊച്ചി: റോഡ് വികസനമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി മൂന്ന് ലക്ഷം കോടിയുടെ പദ്ധതി കേരളത്തിൽ നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കവേയാണ് ഗഡ്കരിയുടെ പ്രഖ്യാപനം. കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികൾ ഉടനെ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
896 കിലോമീറ്റർ ദൈർഘ്യത്തിലുള്ള 31 പുതിയ പദ്ധതികളാണുള്ളത്. ടൂറിസമാണ് കേരളത്തിന്റെ ഹൃദയം. ആയുർവേദം ഉൾപ്പടെ മേഖലകൾ സമ്പന്നമായതിനാൽ വിദേശ രാജ്യങ്ങളിൽനിന്നുൾപ്പടെ നിരവധിപേരാണ് കേരളത്തിലേക്ക് വരുന്നത്. ഈ സാധ്യതകൾ വിപുലപ്പെടുത്തേണ്ടതുണ്ട്. ടൂറിസം വികസനത്തിന് റോഡ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യം കേരളത്തിലൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ച പിന്തുണ നല്കുമെന്നുമന്ത്രി വ്യക്തമാക്കി.