‘കേരളത്തിലായതിനാൽ അറിഞ്ഞു, മറ്റിടങ്ങളിലേത് അറിയുന്നുപോലുമില്ല’, ആലുവ പീഡനത്തിൽ കെ. കെ ശൈലജയുടെ പ്രതികരണം

news image
Sep 7, 2023, 6:45 am GMT+0000 payyolionline.in

കൊച്ചി : ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അതിദാരുണ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി കെ കെ ശൈലജ. കേരളത്തിൽ ആയതുകൊണ്ടാണ് പീഡന വിവരം അറിയുന്നതും നടപടിയെടുക്കുന്നതുമെന്നും മറ്റു സ്ഥലങ്ങളിൽ നടക്കുന്ന ക്രൂരകൃത്യങ്ങളൊന്നും പുറംലോകം അറിയുന്നത് പോലുമില്ലെന്നും ശൈലജ പ്രതികരിച്ചു. കേരളത്തിലേക്ക് മയക്കുമരുന്നിന്റെ പ്രവാഹമാണ്. അതിന് തടയിടേണ്ടത് അത്യാവശ്യമാണ്. ആലുവയിൽ കുഞ്ഞിനോട് ക്രൂരതകാണിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ശൈലജ വിശദീകരിച്ചു.

ഇന്ന് പുലർച്ചെ 2 മണിയോടെയാണ് ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ 2.30 തോടെയാണ് രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. പ്രതി അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകൾക്കിടയിൽ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും, നിർണായക തെളിവാകുന്ന ദൃശ്യങ്ങളും പുറത്തു വന്നു. പ്രദേശത്തുള്ള പല വീടുകളുടെയും മുന്നിൽ പ്രതിയെത്തിയിരുന്നുവെന്നാണ് ദൃശ്യങ്ങളിലുള്ളത്. പ്രതി ആരാണെന്ന് കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആളെ പിടികൂടാനായി തിരച്ചിൽ തുടരുകയാണെന്നുമാണ് പൊലീസ് അറിയിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe