കൊച്ചി: മന്ത്രിസഭ അംഗീകരിച്ച സ്വകാര്യ സർവകലാശാല ബില്ലിന്റെ ചുവടുപിടിച്ച് കേരളത്തിൽ സ്വകാര്യ സർവകലാശാല വരുന്നു. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ നടത്തിയത്.
‘ജെയിൻ ഗ്ലോബൽ യൂണിവേഴ്സിറ്റി’ എന്ന പേരിലായിരിക്കും സർവകലാശാല. കോഴിക്കോട് ആസ്ഥാനമായി ആരംഭിക്കുന്ന പദ്ധതിയിൽ 350 കോടി രൂപയായിരിക്കും ആദ്യഘട്ട നിക്ഷേപം. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ എന്നിവടങ്ങളില്‍ ഉപ ക്യാമ്പസുകളും തുറക്കും.
ഗുണനിലവാരമുള്ള ഉന്നതപഠനം തേടി മറ്റു നാടുകളിലേക്ക് പോകുന്നവർ കേരളത്തില്‍ കൂടുതലാണെന്നും ഇത്തരത്തില്‍ മികച്ച വിദ്യാഭ്യാസം ലക്ഷ്യമാക്കി പോകുന്നവര്‍ക്ക് നാട്ടില്‍ തന്നെ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനായാണ് കേരളത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും ജെയിന് യൂണിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു.2019 മുതല്‍ കൊച്ചിയില്‍ ജെയിന് യൂണിവേഴ്സിറ്റിയുടെ ക്യാമ്പസ് പ്രവര്‍ത്തിക്കുന്നു. ജെയിൻ ഗ്ലോബൽ യൂണിവേഴ്സിറ്റിയും ഉപ ക്യാമ്പസുകളും കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റം സൃഷ്ടിക്കുമെന്ന് ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു.