കേരളത്തിൽ ഗർഭഛിദ്ര നിരക്ക് കുത്തനെ ഉയരുന്നു, ഒൻപതു വർഷത്തിനുള്ളിൽ 76.43 ശതമാനം വർധന

news image
Jul 1, 2025, 6:51 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിൽ ഗർഭഛിദ്ര നിരക്ക് കുത്തനം ഉയരുന്നതായി പഠനം. ഒന്‍പതു വര്‍ഷത്തിനിടെ ഗര്‍ഭഛിദ്രങ്ങളുടെ എണ്ണത്തില്‍ 76.43 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ഹെൽത്ത് മാനേജ്മെന്‍റ് ഇൻഫർമേഷൻ സിസ്റ്റം പുറത്തിറക്കിയ കണക്കുകൾ സൂചിപ്പിക്കുന്നു.

2014-15ൽ 17,025 അബോർഷനുകളാണ് സംസ്ഥാനത്ത് നടന്നതെങ്കിൽ 2023-24 വർഷത്തിൽ 30,037 അബോർഷനുകളാണ് നടന്നിട്ടുള്ളത്. ഇത് 76.43 ശതമാനത്തിന്‍റെ വർധനയാണ് കാണിക്കുന്നത്.

2023-24 വർഷത്തിൽ സ്വകാര്യ ആശുപത്രികളില്‍ 21, 282 ഗര്‍ഭഛിദ്രങ്ങള്‍ നടന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ 8,755 ഗര്‍ഭഛിദ്രങ്ങളാണ് നടന്നിട്ടുള്ളത്. അതായത് ഗർഭഛിദ്രങ്ങൾക്കായി സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സ്വാഭാവികമായി ഗര്‍ഭഛിദ്രം സംഭവിക്കുന്നതും ബോധപൂര്‍വമായ ഗര്‍ഭഛിദ്രം നടത്തുന്നവരുടെ എണ്ണവും ഡാറ്റയിലുള്‍പ്പെടുത്തിയിട്ടുണ്ട്. 2023-24 ല്‍ സംസ്ഥാനത്ത് 20,179 ബോധപൂര്‍വമായ ഗര്‍ഭഛിദ്രവും 9,858 സ്വാഭാവിക ഗര്‍ഭഛിദ്രവും നടന്നിട്ടുണ്ട്. 2014-15 വര്‍ഷം പൊതു, സ്വകാര്യ ആശുപത്രികളില്‍ നടത്തിയിട്ടുള്ള ഗര്‍ഭഛിദ്രങ്ങളുടെ കണക്ക് ഏകദേശം തുല്യമാണെന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്. യഥാക്രമം 8,324 ഉം 8701 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

എന്നാല്‍ 2015-2016 മുതല്‍ ഗർഭഛിദ്രങ്ങൾക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിക്കാണുന്നുണ്ട്. 2015-16 മുതല്‍ 2024-25 വരെ കേരളത്തില്‍ ആകെ 1,97,782 ഗര്‍ഭഛിദ്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതില്‍ 67,004 കേസുകള്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്നത്. ഈ കാലയളവില്‍ സ്വകാര്യ ആശുപത്രികളില്‍ 1,30,778 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ബോധപൂര്‍വമായ ഗര്‍ഭഛിദ്രങ്ങളില്‍ ക്രമാനുഗതമായ വര്‍ധന ഉണ്ടായതായാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഗര്‍ഭഛിദ്രത്തിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിലുണ്ടായ വര്‍ധനവില്‍ ആരോഗ്യ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എങ്കിലും ബോധപൂര്‍വമായ ഗര്‍ഭഛിദ്രങ്ങളുടെ വര്‍ധന സ്ത്രീകള്‍ അവരുടെ ശരീരത്തിന് മേല്‍ കൂടുതല്‍ നിയന്ത്രണം നേടുന്നതിന്റെ സൂചനയാണെന്ന് കോട്ടയം സി.എം.എസ് കോളജിലെ സോഷ്യോളജി വിഭാഗത്തിലെ സീനിയര്‍ ഫാക്കല്‍റ്റി അംഗം അമൃത റിനു എബ്രഹാം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe