കൊച്ചി: കേരളത്തിൽ അഞ്ചുവർഷത്തിനുള്ളിൽ 5000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. 15,000 പേർക്ക് തൊഴിലവസരം ഒരുക്കുന്ന സംരംഭങ്ങൾ തുടങ്ങുമെന്നും പ്രഖ്യാപത്തിൽ പറയുന്നു. ഗ്ലോബൽ സിറ്റി, ഐ ടി ടവർ, ഫുഡ് പ്രൊസസിംഗ് പാർക്ക് എന്നിവ ലുലു ഗ്രൂപ്പിന്റെ പുതിയ സംരംഭങ്ങളിൽപ്പെടും. ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായാണ് പ്രഖ്യാപനം.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ആറ്റ്സൺ ഗ്രൂപ്പും മലബാർ സിമന്റ്സും സംയുക്തമായി ബോട്ടു നിർമാണ യൂണിറ്റ് തുടങ്ങുമെന്നും ഇന്ന് പ്രഖ്യാപിച്ചിരുന്നു. 100 ടണ്ണിൽ താഴെയുള്ള ബോട്ടുകളാണ് നിർമിക്കുക. ലോജിസ്റ്റിക്സ് മേഖലയിലാണ് ഷറഫ് ഗ്രൂപ്പ് നിക്ഷേപം നടത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് ആൻഡ് ലോജിസ്റ്റിക്സ് ഗ്രൂപ്പ് കമ്പനികളിലൊന്നാണ് ഷറഫ് ഗ്രൂപ്പ്. കമ്പനി വൈസ് ചെയർമാൻ ഹിസ് എക്സലൻസി റിട്ട. ജനറൽ ഷറഫുദ്ദീൻ ഷറഫ് മാധ്യമങ്ങളെ കണ്ടാണ് ഇക്കാര്യമറിയിച്ചത്.
കേരളത്തിന്റെ ഊർജസ്വലമായ നിക്ഷേപാന്തരീക്ഷവും തന്ത്രപരമായ ആനുകൂല്യങ്ങളും നിക്ഷേപകർക്ക് വലിയ അവസരമാണ് സർക്കാർ തുറന്നുവയ്ക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം എ യൂസഫ് അലി ഇന്നലെ പറഞ്ഞിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമാണ് കേരളം. വ്യവസായമേഖലയിൽ മുമ്പുണ്ടായിരുന്ന പല നിയന്ത്രണങ്ങളും നീക്കംചെയ്തുകഴിഞ്ഞു. മികച്ച അടിസ്ഥാനസൗകര്യങ്ങൾ, ഗതാഗതസൗകര്യം, വിദ്യാസമ്പന്നരും നൈപുണ്യമികവും ആത്മസമർപ്പണവും ഉള്ളവരായ ചെറുപ്പക്കാരുടെ വൻ നിരയും കേരളത്തെ നൂതന നിക്ഷേപങ്ങൾക്കുള്ള ഹബ്ബാക്കിമാറ്റിയിരിക്കുന്നു. ദീർഘകാലവളർച്ചയും സുസ്ഥിരഭാവിയും ആഗ്രഹിക്കുന്ന സംരംഭകർക്ക് മികച്ച ഇടമാണിത്. കൊച്ചി കളമശേരിയിൽ ലുലു ഗ്രൂപ്പിന്റെ പുതിയ അത്യാധുനിക ഭക്ഷ്യസംസ്കരണ യൂണിറ്റിന് ഉടൻ കല്ലിടുമെന്നും അദ്ദേഹം പറഞ്ഞു.