കേരളത്തെ മാലിന്യം വലിച്ചെറിയൽ മുക്തമായി പ്രഖ്യാപിക്കാൻ യജ്ഞം

news image
Mar 11, 2023, 2:52 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ കൊച്ചിയിലെ ബ്രഹ്മപുരത്തു മാലിന്യമലയ്ക്കു തീപിടിച്ചിരിക്കെ, പകർച്ചവ്യാധി പ്രതിരോധിക്കാൻ മേയ് അവസാനത്തോടെ കേരളത്തെ മാലിന്യം വലിച്ചെറിയൽ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാൻ സർക്കാർ നീക്കം.

അശാസ്ത്രീയമായ മാലിന്യപരിപാലനം പകർച്ചവ്യാധി വ്യാപനത്തിനും ജലസ്രോതസുകളുടെ മലിനീകരണത്തിനും കാരണമാകുമെന്നു ചൂണ്ടിക്കാട്ടി ‘ആരോഗ്യ ജാഗ്രത 2023’ എന്ന പ്രചാരണ ശുചീകരണ പരിപാടി തദ്ദേശ, ആരോഗ്യ വകുപ്പുകൾ ചേർന്നു നടത്തിയ ശേഷമാകും പ്രഖ്യാപനം. പരിശീലന പരിപാടികൾ ഈ മാസം 30നകം നടത്തും. ജില്ലാതലത്തിൽ മന്ത്രിമാരാകും പ്രവർത്തന പുരോഗതി അവലോകനം ചെയ്യുക.

 

സംസ്ഥാനത്തു തീപിടിക്കാൻ സാഹചര്യമുള്ള 29 മറ്റു മാലിന്യമലകൾ ഉണ്ടെന്ന റിപ്പോർട്ടുകൾ നിലനിൽക്കുമ്പോഴാണു വലിച്ചെറിയൽ മുക്ത പ്രഖ്യാപനത്തിനായി കർമപദ്ധതി നടപ്പാക്കുന്നത്. സാധാരണ മഴക്കാല പൂർവ ശുചീകരണത്തിൽ നിന്നു വ്യത്യസ്തമായി മൂന്നു മാസത്തോളം നീണ്ടുനിൽക്കുന്നതാകും യജ്ഞം.  മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുക, അജൈവമാലിന്യങ്ങൾ തരംതിരിച്ചു വാതിൽപ്പടി ശേഖരണം ഉറപ്പാക്കുക, പൊതു പരിപാടികളിലും ആഘോഷങ്ങളിലും ഉത്സവങ്ങളിലും ഹരിത പ്രോട്ടോക്കോൾ നടപ്പാക്കി പൊതുസ്ഥലങ്ങളിലേക്കു മാലിന്യം വരുന്നതു തടയുക, മാലിന്യം വലിച്ചെറിയുന്നതിനും കത്തിക്കുന്നതിനും കൂട്ടിയിടുന്നതിനും ജലസ്രോതസുകളിലേക്ക് ഒഴുക്കി വിടുന്നതിനും എതിരെ നിയമ നടപടി എന്നിവ യജ്ഞത്തിന്റെ ഭാഗമാണ്. മേയ് 15 മുതൽ പ്രദേശങ്ങളെയും 20 മുതൽ വാർഡുകളെയും വലിച്ചെറിയൽ മുക്തമായി പ്രഖ്യാപിച്ചു തുടങ്ങും.

മികച്ച രീതിയിൽ മാലിന്യസംസ്കരണം നടത്തുന്ന കച്ചവട സ്ഥാപനങ്ങൾക്കും ഓഫിസുകൾക്കും പുരസ്കാരങ്ങൾ നൽകും.  ഒരു വാർഡിനു പഞ്ചായത്തുകൾക്കും നഗരസഭകൾക്കും  30,000 രൂപ വീതവും കോർപറേഷനുകൾക്കു 40,000 രൂപ വീതവും ചെലവിടാൻ അനുമതിയുണ്ട്. ഇതിൽ 75% ശുചിത്വ മിഷനും ദേശീയ ആരോഗ്യ മിഷനും നൽകും.

ഫോട്ടോയെടുത്ത് ജനകീയ ഓഡിറ്റ് 

ശുചീകരണ യജ്ഞത്തിന്റെ ജനകീയ ഓഡിറ്റ് നടത്തുന്നതിന്റെ ഭാഗമായി വൃത്തിയാക്കേണ്ട സ്ഥലങ്ങളോ പരിഹരിക്കേണ്ട മാലിന്യ പ്രശ്നങ്ങളോ സംബന്ധിച്ച ഫോട്ടോയെടുത്തു ശുചിത്വ മിഷന്റെ സമൂഹമാധ്യമ പേജിൽ പോസ്റ്റ് ചെയ്യാം. ‘മഴ എത്തും മുൻപേ, മനുഷ്യ ഡ്രോണുകൾ’ എന്നതാണ് ജനകീയ ഓഡിറ്റിന്റെ പേര്.

ഓരോ പോസ്റ്റും പ്രത്യക്ഷപ്പെടുന്ന ദിവസം മുതൽ പ്രശ്നം പരിഹരിക്കുന്നതു വരെയുള്ള ദിവസങ്ങൾ പൊതജനങ്ങൾക്കു കൗണ്ട് ഡൗൺ ആയി കാണാൻ സാധിക്കും വിധം ലഭ്യമാകും. ആദ്യ ചിത്രവും സമയബന്ധിതമായി പ്രശ്നം പരിഹരിച്ച ചിത്രവും തദ്ദേശ സ്ഥാപനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് ആയി പരിഗണിക്കും.

പിടികൂടാൻ പൊലീസും

തിരുവനന്തപുരം ∙ പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നവരെ പിടികൂടാൻ ‌ഇനി പൊലീസും. തദ്ദേശ വകുപ്പിനൊപ്പം പൊലീസും അടുത്ത മാസം മുതൽ മിന്നൽ പരിശോധനയ്ക്കിറങ്ങും. തദ്ദേശ വകുപ്പ് രൂപീകരിച്ച  ജില്ലാതല എൻഫോഴ്സ്മെ‍ന്റ് സ്ക്വാഡിൽ പൊലീസിനു പുറമേ ശുചിത്വ മിഷനിലെയും മലിനീകരണ നിയന്ത്രണ ബോർഡിലെയും അംഗങ്ങളും ഉണ്ടാകും.

നിയമലംഘകർക്കെതിരെ പ്രത്യേകം നടപടികളെടുക്കാൻ ഈ വകുപ്പുകൾക്കു നിലവിൽ അധികാരമുണ്ട്. എന്നാൽ, പിഴ ചുമത്തുന്നതു സംബന്ധിച്ചു തീരുമാനമെടുത്തു നിയമം നടപ്പാക്കാൻ അധികാരം നൽകുന്നത് ആദ്യമാണ്. മാർ‍ഗ്ഗരേഖ  അടുത്തയാഴ്ച ഇറക്കും.  ഒരു ജില്ലയിൽ 2 സ്ക്വാഡുകൾ വീതമാണുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe