തിരുവനന്തപുരം: കേരള സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ യൂനിവേഴ്സിറ്റി ആസ്ഥാനത്ത് നടന്ന എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷത്തില്‍ അഞ്ചു വീതം കെ.എസ്.യു, എസ്.എഫ്.ഐ നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെയും കന്റോൺമെന്റ് പൊലീസ് കേസെടുത്തു. പൊതുസ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനും ജോലിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുമാണ് കേസ്.
കൂടാതെ സംഘര്‍ഷത്തില്‍ പരിക്കേറ്റ സെന്റ് സേവ്യേഴ്സ് കോളജ് ചെയര്മാൻ കൂടിയായ കെ.എസ്.യു പ്രവര്ത്തകന് ഒഴുകുമ്പാറ സ്വദേശി അല്‍ അമീന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 10 പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇവര്‍ മൊഴി നല്കുന്നതനുസരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കും.
സംഘര്‍ഷത്തിനിടെ മൂക്കിന്റെ അസ്ഥി പൊട്ടിയ അല്‍ അമീന് പി.ആർ.എസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സുഹൃത്തായ ഷോൺ രാജേഷിനൊപ്പം തെരഞ്ഞെടുപ്പ് ഫലം അറിയുന്നതിനായി വന്നായിരുന്നു അമീൻ. പ്രധാന കവാടത്തിന് അമീപമെത്തിയപ്പോൾ എസ്.എഫ്.ഐ പ്രവർത്തകർ പുറത്തിറങ്ങി മർദിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകീട്ടാണ് യൂനിയന്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പാളയത്ത് സര്‍വകലാശാലക്ക് മുന്നില്‍ സംഘര്‍ഷമുണ്ടായത്. ഏറ്റുമുട്ടലില്‍ ഇരുഭാഗത്തുമായി പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് സംഘട്ടനം നടത്തിയതോടെ പൊലീസ് ലാത്തി വീശി. യൂനിവേഴ്സിറ്റി ആസ്ഥാനത്തിനകത്തുനിന്ന് എസ്.എഫ്.ഐയും പുറത്തുനിന്ന് തിരികെയും കല്ലേറുണ്ടായി.
സര്‍വകലാശാല യൂനിയന്‍ എസ്.എഫ്.ഐ നിലനിര്‍ത്തിയെങ്കിലും വൈസ്ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളില്‍ ഒരെണ്ണം എസ്.എഫ്.ഐക്ക് നഷ്ടമായി. പത്തു വര്‍ഷത്തിന് ശേഷമാണ് ഒരു ജനറല്‍ സീറ്റില്‍ കെ.എസ്.യു വിജയിക്കുന്നത്. വിജയാഹ്ലാദവുമായി യൂനിവേഴ്സിറ്റി ആസ്ഥാനത്ത് ഇരുകൂട്ടരും പ്രകടനം നടത്തുന്നതിനിടെയായിരുന്നു ആക്രമണം.