കേസിൽ പ്രതികളാക്കി പണം തട്ടാൻ ശ്രമം; കർണാടക പൊലീസുകാർ പിടിയിൽ

news image
Aug 4, 2023, 5:34 am GMT+0000 payyolionline.in

കളമശേരി ∙ ഓൺലൈൻ പണാപഹരണ കേസിൽ പ്രതിയാക്കുമെന്നു ഭീഷണിപ്പെടുത്തി യുവാക്കളുടെ പണം തട്ടാൻ ശ്രമിച്ച കർണാടക പൊലീസ് ഇൻസ്പെക്ടറും 3 പൊലീസുകാരും കേരള പൊലീസിന്റെ പിടിയിലായി. കർണാടക വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ശിവപ്രകാശ്, പൊലീസുകാരായ വിജയകുമാർ, സന്ദേശ്, ശിവണ്ണ എന്നിവരാണു പിടിയിലായത്. യുവാക്കളിൽ നിന്ന് ഇവർ കൈക്കലാക്കിയ 3.95 ലക്ഷം രൂപയും ഇവർ ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. നിയമോപദേശം തേടിയ ശേഷം നോട്ടിസ് നൽകി ഇവരെ കർണാടക പൊലീസിനു കൈമാറി.

കുമ്പളങ്ങി സ്വദേശികളായ കുന്നേൽ അഖിൽ ആൽബി, കളിപ്പറമ്പിൽ ജോസഫ് നിഖിൽ എന്നിവരിൽ നിന്നാണ് ഇൻസ്പെക്ടറും സംഘവും പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. കർണാടക വൈറ്റ്ഫീൽഡ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ക്രിപ്റ്റോ കറൻസി കേസിൽ പ്രതികളാക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് പണം തട്ടാൻ ശ്രമിച്ചത്. സൈബർ തട്ടിപ്പിൽ 26 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ബെംഗളൂരുവിലെ സോഫ്റ്റ്‌വെയർ എൻജിനീയറായ ചന്ദക ശ്രീകാന്ത് നൽകിയ പരാതിയാണ് ഇവർ അന്വേഷിക്കുന്നത്.

മടിക്കേരി സ്വദേശി ഐസക്ക് എന്നയാളെ സംഘം ചോദ്യം ചെയ്തിരുന്നു. ഐസക്കും മലപ്പുറം സ്വദേശിയായ നൗഷാദും തമ്മിൽ പണമിടപാട് നടന്നതായി കണ്ടെത്തി. തുടരന്വേഷണത്തിനാണ് ഇവർ കേരളത്തിൽ എത്തിയത്. കർണാടക പൊലീസ് സംഘം നേരത്തെ പിടികൂടിയ നൗഷാദിനെ ഉപയോഗപ്പെടുത്തി അഖിലിനെയും നിഖിലിനെയും ബന്ധപ്പെടുകയായിരുന്നു. തോപ്പുംപടി ബിഒടി പാലത്തിൽ ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെ ഇരുവരെയും വാഹനം തടഞ്ഞു കർണാടക പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു.

കർണാടകയിലേക്കു കൊണ്ടുപോകുകയാണെന്നു പറഞ്ഞപ്പോൾ ലോക്കൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. തുടർന്നു പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷമാണു ബെംഗളൂരുവിലേക്കു യാത്രയായത്. യാത്രയ്ക്കിടയിൽ തൃശൂർ ഭാഗത്തു ഭക്ഷണം കഴിക്കാൻ വാഹനം നിർത്തിയപ്പോൾ പൊലീസുകാർ 25 ലക്ഷം രൂപ കൈക്കൂലി ചോദിക്കുന്നുവെന്നും പണം കൊടുത്താൽ വിട്ടയയ്ക്കുമെന്നും നേരത്തെ കസ്റ്റഡിയിലായ നൗഷാദ് ഇവരെ അറിയിച്ചു. വില പേശലിനൊടുവിൽ 10 ലക്ഷം രൂപ നൽകിയാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്നും 5 ലക്ഷം ഉടൻ വേണമെന്നും ആവശ്യപ്പെട്ടു. ബെംഗളൂരുവിലേക്കു മടങ്ങാതെ സംഘം സമീപപ്രദേശങ്ങളിൽ തങ്ങി വിലപേശൽ തുടർന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe