എറണാകുളം: ക്രിപ്റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണത്തിനെത്തിയ ബെംഗളൂരു പൊലീസിനെതിരെ കളമശേരി പൊലീസ് കൊള്ളയടിക്ക് കേസെടുത്തു. വൈറ്റ്ഫീല്‍ഡ് സൈബര്‍ പൊലീസ് സ്റ്റേഷനിലെ സിഐ ഉള്‍പ്പെടെ നാലംഗ പൊലീസ് സംഘത്തിനെതിരെയാണ് നടപടി. തട്ടിപ്പ് കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി കൊച്ചിയിലെത്തിയ ബെംഗളൂരു പൊലീസ് കുമ്പളങ്ങി സ്വദേശികളായ രണ്ട് യുവാക്കളെ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.
കേസില്‍ നിന്നൊഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. നാല് ലക്ഷം രൂപ കൈമാറിയെങ്കിലും മോചനത്തിന് കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ ഇവരുടെ കുടുംബം ഡിസിപിക്ക് പരാതി നല്‍കുക ആയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നഗരത്തില്‍ നിന്ന് ഇവരെ പിടികൂടി. ഇവരുടെ വാഹനത്തില്‍ നിന്ന് പണവും കണ്ടെത്തി. തുടര്‍ന്നാണ് കളമശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബെംഗളൂരുവില്‍ കാല്‍ കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിന്‍റെ അന്വേഷണത്തിനാണ് ബെംഗളൂരു പൊലീസ് കേരളത്തിലെത്തിയത്. മലപ്പുറത്ത് നിന്ന് രണ്ട് പേരെയും സംഘം പിടികൂടിയിട്ടുണ്ട്.