കോഴിക്കോട്: കോടഞ്ചേരി സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് മർദനം. പ്ലസ് വണ്‍ വിദ്യാർത്ഥിയായ അമലിനെയാണ് പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചത്. ആംഗ്യം കാണിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകി. സംഭവത്തിൽ മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു. സ്കൂൾ ആൻറി റാഗിങ് കമ്മിറ്റിയും മർദനമേറ്റ കുട്ടിയുടെ രക്ഷിതാവും പൊലീസിൽ പരാതി നൽകി
കഴിഞ്ഞ ദിവസം കണ്ണൂരിലെ സ്കൂളിൽ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നതിൽ കലാശിച്ചത്. കഴിഞ്ഞ ജൂണിൽ പത്തനംതിട്ട എഴമറ്റൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദിച്ച സംഭവവും ഉണ്ടായിരുന്നു. ക്ലാസിലിരിക്കുമ്പോള്‍ ഷര്‍ട്ടിന് പുറകിൽ കുത്തിവരച്ചത് ചോദ്യം ചെയ്തതിനായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ബെസ്റ്റിയെ ചൊല്ലിയുളള തര്‍ക്കത്തിനൊടുവില്‍ സിനിമ സ്റ്റൈലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയ സംഭവവും ഉണ്ടായിരുന്നു.
എറണാകുളം ജില്ലയിലെ ഒരു എയഡ്ഡ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്. ആരെയും ഭയപ്പെടുത്തും വിധം തമ്മിലടിക്കുന്ന വിദ്യാര്‍ഥികളുടെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിഷയത്തില്‍ പൊലീസ് ഇടപെടുകയായിരുന്നു. തമ്മിലടിച്ച വിദ്യാര്‍ഥികള്‍ രണ്ടു പേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി
.