തിരുവനന്തപുരം: കൈക്കൂലി വാങ്ങുമ്പോൾ കൈയോടെ പിടിയിലാകുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷ നടപടി കടുപ്പിക്കാൻ വിജിലൻസ് നിർദേശം. കൈക്കൂലിക്ക് പിടിയിലാകുന്നവരെ സസ്പെൻഡ് ചെയ്യാറുണ്ടെങ്കിലും മറ്റ് വകുപ്പുതല ശിക്ഷ നടപടി കാര്യമായി ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് ക്രിമിനൽ ശിക്ഷ നടപടി വേഗത്തിലാക്കാൻ വിജിലൻസിന്റെ ചുമതലയുള്ള ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു വകുപ്പുകൾക്ക് നിർദേശം നൽകിയത്. സുപ്രീംകോടതി വിധികളുടെ കൂടി അടിസ്ഥാനത്തിലാണിത്.
കൈക്കൂലിയുമായി പിടിയിലാകുന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ തന്നെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യാനാണ് നിർദേശം. കേരള സിവിൽ സർവിസ് ചട്ട പ്രകാരം (ഭാഗം അഞ്ച്, ചട്ടം 15) കഠിന ശിക്ഷക്കുള്ള അച്ചടക്ക നടപടി ബന്ധപ്പെട്ട ഭരണ വകുപ്പ് നിർബന്ധമായി സ്വീകരിക്കണം. ഉചിതമായ ശിക്ഷ നടപടി ഉറപ്പാക്കുകയും വേണം.
കൈക്കൂലി കേസുകളിൽ ഉൾപ്പെട്ട് കോടതി ശിക്ഷ വിധിക്കുന്ന ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് നീക്കം ചെയ്യുന്ന നടപടിയിൽ കാലതാമസം പാടില്ല. ഒന്നിലധികം വിജിലൻസ് കേസിലോ വിജിലൻസ് അന്വേഷണങ്ങളിലോ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കഠിന ശിക്ഷക്കുള്ള നടപടി നിർബന്ധമായും സ്വീകരിക്കണം. പ്രാഥമിക അന്വേഷണമോ വിജിലൻസ് അന്വേഷണമോ മിന്നൽ പരിശോധനയോ നേരിടുന്നവരുടെ കാര്യത്തിലും ഇത് ബാധകമാണ്. ഇത്തരം കേസുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകുന്ന വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ സമയബന്ധിതമായി തീരുമാനം കൈക്കൊള്ളണമെന്നും നിർദേശിച്ചിട്ടുണ്ട്.