കൈക്കൂലിക്കേസിൽ 15 വർഷം ഒളിവിൽ; കെഎസ്എഫ്ഇ മുൻ മാനേജർ ഒടുവിൽ അറസ്റ്റിൽ

news image
Sep 26, 2025, 2:34 pm GMT+0000 payyolionline.in

തിരുവനന്തപുരം: വിജിലൻസ് കേസിൽ ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞ കെഎസ്എഫ്ഇ മുൻ മാനേജരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കെഎസ്എഫ്ഇ ചാല ബ്രാഞ്ചിലെ മുൻ മാനേജറും കരമന സ്വദേശിയുമായ പി പ്രഭാകരനെയാണ് അറസ്റ്റ് ചെയ്തത്. 15വർഷം മുങ്ങി നടന്ന ഉദ്യോ​ഗസ്ഥനെയാണ് വിജിലൻസ് സംഘം പിടികൂടിയത്.

1993 കാലഘട്ടത്തിൽ കെഎസ്എഫ്ഇ ചാല ബ്രാഞ്ചിൽ മാനേജരായിരിക്കെ പ്രഭാകരൻ, വ്യാജ രേഖകൾ സമർപ്പിച്ച് ഭാര്യയുടെയും സഹോദരിയുടെയും പേരിൽ ചിട്ടികളുടെ തുക മാറി എടുത്തിരുന്നു. ഇല്ലാത്ത ആളുകളുടെ പേരിൽ വ്യാജ എപ്ലോയിമെന്റ് സർട്ടിഫിക്കേറ്റുകൾ ഹാജരാക്കിയായിരുന്നു ചിട്ടി തുക വാങ്ങിയത്. വിജിലൻസ് യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും തിരുവനന്തപുരം വിജിലൻസ് കോടതി 2010 ൽ പ്രഭാകരനെ ഒരു വർഷം കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തു.

തുടർന്ന് വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും ഹൈക്കോടതി ശിക്ഷ ശരിവയക്കുകയും ചെയ്തു. എന്നാൽ പ്രതി കോടതിയിൽ കീഴടങ്ങാതെ ഒളിവിൽ പോയുകയായിരുന്നു. കരമനയിലെ വീട്ടിൽ നിന്നും വെള്ളിയാഴ്ചയാണ് സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി. അവിടെ നിന്നും സെൻട്രൽ ജയിലിലേക്ക് അയച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe