കൈക്കൂലി വാങ്ങിയതിന് അച്ചടക്ക നടപടി: അട്ടപ്പാടി താലൂക്ക് സര്‍വെയറെ സസ്പെന്‍ഡ് ചെയ്തു

news image
Jun 13, 2023, 3:18 pm GMT+0000 payyolionline.in

പാലക്കാട്: ഭൂമി അളന്ന് തിരിക്കാന്‍ കൈക്കൂലി വാങ്ങിയതിന് അച്ചടക്ക നടപടിയുടെ ഭാഗമായി അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സര്‍വെയര്‍ എ. മുഹമ്മദ് റാഫിയെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് കലക്ടര്‍ ഡോ. എസ്. ചിത്ര ഉത്തരവിട്ടു. അട്ടപ്പാടി പാടവയല്‍ കാവുങ്ങല്‍ വീട്ടില്‍ ധന്യ വിജുകുമാര്‍, വാസു വിജുകുമാര്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഹിലാല്‍കുമാര്‍ പാടവയല്‍ എന്നയാള്‍ തന്റെ സഹോദരിയുടെ മക്കളായ വാസു വിജുകുമാര്‍, ധന്യ വിജുകുമാര്‍ എന്നിവരുടെ പാടവയല്‍ വില്ലേജിലെ 8.60 ഏക്കര്‍ ഭൂമി 551/1, 551/3 എന്നീ സര്‍വേ നമ്പറുകളില്‍ പ്രത്യേകം വിസ്തീര്‍ണം രേഖപ്പെടുത്താതെ കിടക്കുന്നതിനാല്‍ ഓരോ സര്‍വേ നമ്പറുകളിലുമുള്ള ഭൂമിയുടെ വിസ്തീര്‍ണം തിട്ടപ്പെടുത്തുന്നതിനാണ് അട്ടപ്പാടി താലൂക്കില്‍ അപേക്ഷ നല്‍കിയത്.

ഈ അപേക്ഷപ്രകാരം എ. മുഹമ്മദ് റാഫിയും മറ്റ് മൂന്ന് പേരും കൂടി ചേര്‍ന്ന് ഭൂമി അളന്നുതിട്ടപ്പെടുത്തി കുറ്റി അടിച്ചു നൽകി. അതിന് ഗൂഗിള്‍ പേ വഴി 30,000 രൂപയും നേരിട്ട് 10,000 രൂപയും നല്‍കിയതായും എന്നാല്‍ സര്‍വേ പൂര്‍ത്തിയായതിനുശേഷം ഇതു സംബന്ധിച്ച രേഖകളോ മറുപടിയോ നല്‍കിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.

ഇരുവിഭാഗക്കാരില്‍നിന്നും ജൂണ്‍ രണ്ടിന് പരിശോധനാ വിഭാഗം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണവിധേയന്റെ സുഹൃത്ത് കനകന്‍ ചുമതലപ്പെടുത്തിയതനുസരിച്ച് സ്ഥലം പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും പ്രജോഷ് എന്ന സ്വകാര്യ സര്‍വെയറാണ് പരാതിക്കാരന്റെ ഭൂമി അളന്നതെന്നും ഗൂഗിള്‍ പേ വഴി നല്‍കിയ തുക പ്രജോഷിന് അയച്ച് കൊടുത്തതായും അപേക്ഷ തന്റെ കൈവശം കിട്ടിയിട്ടില്ലെന്നും എ. മുഹമ്മദ് റാഫി മൊഴി നല്‍കി. സര്‍വെയര്‍ എ. മുഹമ്മദ് റാഫിയുടെ ഭാഗത്തുനിന്നുള്ള കൃത്യവിലോപം കണക്കിലെടുത്താണ് നടപടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe