കൊച്ചി: മൈസ് ടൂറിസത്തിന്റെ ആഗോളകേന്ദ്രമായി കൊച്ചിയെ വളർത്താനുള്ള സംരംഭകരുടെ പരിശ്രമങ്ങൾക്ക് പുതുജീവൻ. ദീർഘകാലമായ ആവശ്യങ്ങളിൽ സർക്കാർ അനുഭാവപൂർണമായ സമീപനം സ്വീകരിച്ചതോടെ അന്താരാഷ്ട്ര സമ്മേളനങ്ങൾ, ആഢംബര വിവാഹങ്ങൾ, ബിസിനസ് യോഗങ്ങൾ, പ്രദർശനങ്ങൾ തുടങ്ങിയവയെ കൊച്ചിയിലേയ്ക്ക് കൂടുതൽ ആകർഷിക്കാൻ നീക്കം ആരംഭിച്ചു. മീറ്റിംഗ്‌സ്, ഇൻസെന്റീവ്‌സ്, കോൺഫറൻസസ് ആൻഡ് എക്‌സിബിഷൻസ് എന്നിവയെയാണ് മൈസ് (എം.ഐ.സി.ഇ) ടൂറിസം എന്ന് വിശേഷിപ്പിക്കുന്നത്.
പ്രകൃതിഭംഗിയുടെ ആകർഷണത്തിന് പുറമെ ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകൾ, അന്താരാഷ്ട്ര നിലവാരമുള്ള വൻകിട കൺവെൻഷൻ സെന്ററുകൾ, പ്രദർശനവേദികൾ, സമ്മേളനഹാളുകൾ എന്നിവ കൊച്ചിയിലുണ്ട്. അന്താരാഷ്ട്ര വിമാനത്താവളം, തുറമുഖം, വിനോദത്തിന് അനുയോജ്യമായ ജലാശയങ്ങൾ, മെട്രോ റെയിലും വാട്ടർ മെട്രോയും ഉൾപ്പെടെ ആധുനിക ഗതാഗതസൗകര്യങ്ങൾ തുടങ്ങിയവയാണ് കൊച്ചിയുടെ ആകർഷണം.
തടസങ്ങൾ ഇവ
- വിദേശങ്ങളിൽ നിന്നുൾപ്പെടെ അതിഥികൾ എത്തുന്ന കൊച്ചിയിൽ വൻകിട സമ്മേളനം ഉൾപ്പെടെ സംഘടിപ്പിക്കുന്നതിനുള്ള തടസങ്ങളിൽ പ്രധാനം മദ്യനയത്തിലെ ചില വ്യവസ്ഥകളായിരുന്നു.
- ഒന്നാം തീയതിയിലെ മദ്യനിരോധനം, രാത്രി 11-ന് ശേഷം മദ്യം വിളമ്പരുത് തുടങ്ങിയ വ്യവസ്ഥകൾ മൂലം നിരവധി സമ്മേളനങ്ങളും ആഢംബരവിവാഹങ്ങളും ഗോവ ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് വഴിമാറുക പതിവായിരുന്നു.
- ഈ നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനിച്ചത് കോടികളുടെ വരുമാനം കൊച്ചിക്ക് ലഭ്യമാക്കുമെന്ന് ടൂറിസം, ഇവന്റ് മേഖലയിലെ പ്രമുഖർ പറഞ്ഞു.
കോടികളൊഴുകുന്ന സമ്മേളനങ്ങൾ
വൻകിട അന്താരാഷ്ട്ര സമ്മേളനങ്ങൾ കോടികളുടെ വരുമാനമാണ് കൊച്ചിക്ക് നൽകുക. കഴിഞ്ഞ നവംബറിൽ നടന്ന ഡോക്ടർമാരുടെ സമ്മേളനമായ പെഡിക്കോണിൽ 200 കോടി രൂപയിലേറെയാണ് ചെലവഴിക്കപ്പെട്ടത്.
അഞ്ചു ദിവസത്തെ സമ്മേളനത്തിന് ഹോട്ടൽ ബുക്കിംഗ്, വാഹനവാടക, വിമാനടിക്കറ്റ്, പ്രതിനിധികളുടെ ചെലവുകൾ എന്നിവയ്ക്കാണ് തുക ചെലവഴിച്ചത്. സംഘാടന ചെലവ് മാത്രം 25 കോടിയോളം വരും. സമ്മേളനത്തിന് മുമ്പും ശേഷവും പ്രതിനിധികൾ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കും. ഇത് ടൂറിസത്തിന്റെ വളർച്ചയ്ക്കും സഹായമാകുമെന്ന് അധികൃതർ പറഞ്ഞു.