കൊച്ചിയില്‍ വിവാഹ സൽക്കാരത്തിനിടെ ഭക്ഷ്യവിഷബാധ; അതിഥിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി

news image
Dec 7, 2023, 5:18 am GMT+0000 payyolionline.in

കൊച്ചി: വിവാഹ സൽക്കാരത്തിലുണ്ടായ ഭക്ഷ്യവിഷബാധയിൽ അതിഥിക്ക് നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി.  ഭക്ഷ്യ വിഷബാധയേറ്റ എക്സൈസ് ഉദ്യോഗസ്ഥനായ കൂത്താട്ടുകുളം സ്വദേശി വി. ഉൻമേഷിനാണ് 40,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചത്. ഡിബി ബിനു, വൈക്കം രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. 2019ലാണ് കേസിനാസ്പദമായ സംഭവം.

2019 മെയ് 5ന് കൂത്താട്ടുകുളത്ത് സുഹൃത്തിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ ഭക്ഷണം വിതരണം ചെയ്ത ക്യാറ്ററിങ് സ്ഥാപനത്തിനെതിരെയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. ഇവരുടെ ഭക്ഷണത്തിൽ നിന്നാണ് ഉദ്യോഗസ്ഥന് ഭക്ഷ്യവിഷബാധയേറ്റത്. വിവാഹ പാർട്ടിയിൽ പങ്കെടുത്തതോടെ പരാതിക്കാരന് വയറുവേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ആദ്യം കൂത്താട്ടുകുളത്തെ ആശുപത്രിയിലും പിന്നീട് കോട്ടയത്തും മൂന്ന് ദിവസം ചികിത്സ തേടിയിരുന്നു. തുടർന്ന് ഭക്ഷണ വിതരണക്കാരായ സെൻ്റ് മേരിസ് കാറ്ററിംഗ് സർവീസിനെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു.

പരിശോധനയിൽ പരാതിക്കാരന് ഭക്ഷ്യവിഷബാധയേറ്റതായി സ്ഥിരീകരിച്ചു. കൂടാതെ, വിവാഹത്തിൽ പങ്കെടുത്ത മറ്റു പത്തോളം പേർക്കും ഭക്ഷ്യ വിഷബാധയേറ്റതായും നഗരസഭ ആരോഗ്യ വിഭാഗം കണ്ടെത്തി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാറ്ററിങ് ഏജൻസിയുടെ ഭാഗത്തുനിന്നും സേവനത്തിൽ വീഴ്ച്ച സംഭവിച്ചതായി കോടതിക്ക് ബോധ്യപ്പെട്ടു. തുടർന്ന് നഷ്ടപരിഹാരമായി 40000 രൂപ പരാതിക്കാന് നൽകാൻ ഉത്തരവിടുകയായിരുന്നു. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫാണ് ഹാജരായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe