കൊച്ചിയില്‍; 450 കോടിയുടെ റെയിൽവേ പദ്ധതികൾ പൂർത്തിയാകുന്നു  

news image
Oct 7, 2023, 5:40 am GMT+0000 payyolionline.in

കൊച്ചി: വലിയ വികസന കുതിപ്പിനൊരുങ്ങി എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകൾ. ഇരു സ്റ്റേഷനുകളിലുമായി നടപ്പാക്കുന്ന  പദ്ധതികകൾ 2025 ഓ​ഗസ്റ്റിൽ പൂർത്തിയാക്കുമെന്ന് അവലോകന ‌യോ​ഗത്തിൽ ദക്ഷണി റെയിൽവേ അറിയിച്ചു. ഹൈബി ഈഡൻ എംപിയുടെ  നിർദേശത്തെ തുടർന്നാണ് അവലോകനയോഗം ന‌ടത്തിയത്. എറണാകുളം സൗത്തിൽ 299.95 കോടി രൂപയുടെയും എറണാകുളം നോർത്തിൽ 150.28 കോടി രൂപയുടെ‌യും പദ്ധതികളാണ് ‌ടെൻഡർ ചെ‌‌യ്തത്. ആകെ 450.23 കോടി രൂപയുടെ നവീകരണ പദ്ധതികളാണ് നടപ്പാക്കുന്നത്.

 

സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെസ്റ്റ് ടെർമിനൽ ബിൽഡിഫ്, ഈസ്റ്റ് ടെർമിനൽ ബിൽഡിങ്, മൾട്ടിലെവൽ കാർ പാർക്കിങ്, മെട്രോ സ്റ്റേഷനിലേക്ക് ആകാശപാത, എസ്കലേറ്ററുകൾ തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുക. നോർത്തിൽ വെസ്റ്റ് ടെർമിനൽ ബിൽഡിഫ്, മൾട്ടിലെവൽ കാർ പാർക്കിങ്, മെട്രോ സ്റ്റേഷനിലേക്ക് ആകാശപാത, വെസ്റ്റ് ടെർമിനലിലേക്ക് ആകാശപാത എന്നിവയും നടപ്പാക്കും.
നിലവിൽ വിഭാവനം ചെയ്യുന്ന പദ്ധതികൾ പൂർത്തിയാകുന്നതോടെ  റെയിൽവേ മേഖലയിൽ എറണാകുളം കേരളത്തിലെ നമ്പർ വൺ ആകുമെന്നും റെയിൽവേ അറിയിച്ചു. അവലോകന യോ​ഗത്തിൽ ലക്ഷ്യമിടുന്ന പദ്ധതികളും, തുടക്കം കുറിച്ച പദ്ധതികളും പ്രത്യേകം പ്രത്യേകം അവതരിപ്പിച്ചു. പ്രതീക്ഷിച്ച പുരോഗതിയില്ലാത്ത മേഖലകളിൽ  നേരിടുന്ന തടസങ്ങൾക്ക്  വേണ്ട ഇടപെടലുകൾ സംബന്ധിച്ച്  ഹൈബി ഈഡൻ എം പി ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി. എറണാകുളത്തെ രണ്ടു റെയിൽവേ സ്റ്റേഷനുകളിലും മുൻഭാഗത്തെയും പിൻഭാഗത്തെയും പ്രവേശന കവാടങ്ങളിൽ ഒരുപോലെ സൗകര്യമൊരുക്കണമെന്ന് എം പി ആവശ്യപ്പെട്ടു. പലപ്പോഴും പിൻഭാഗത്തു കൂടിയെത്തുന്ന യാത്രക്കാർക്ക് ടോയ്‌ലറ്റ് മുതലായ അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

മുലയൂട്ടുന്നവർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡറുകൾ എന്നിങ്ങനെ പ്രത്യേക പരിഗണന അർഹിക്കുന്ന എല്ലാവർക്കും വേണ്ട അത്യാന്താധുനിക സൗകര്യങ്ങൾ ഉറപ്പു വരുത്തണമെന്നും  സ്ത്രീകൾക്ക് എല്ലാവിധ സൗകര്യങ്ങളും, സുരക്ഷയും നിർബന്ധമായും നൽകാനുള്ള ക്രമീകരണങ്ങളും ഉണ്ടാകണമെന്നും എം പി  നിർദേശിച്ചു.

റെയിൽവേ സാങ്കേതിക വിദഗ്ദ്ധരുടെ സംഘം തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് നവീകരണ നിർമ്മാണ പുരോഗതി വിലയിരുത്തി. അമൃത് ഭാരത് പദ്ധതിയിൽ പെടുത്തി പത്തര കോടി രൂപയാണ് തൃപ്പൂണിത്തുറ റെയിവേ സ്റ്റേഷന് വേണ്ടി അനുവദിച്ചതെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു. സ്റ്റേഷൻ വികസനത്തിന് അനുവദിച്ചിട്ടുള്ള ഫണ്ട് തികയാത്ത സ്ഥിതി വന്നാൽ എം പി ലാഡ്‌സ് ഫണ്ട് വിനിയോഗിച്ച് അടിസ്ഥാന സൗകര്യങ്ങളിലെ കുറവുകൾ പരിഹരിക്കുമെന്നും എംപി വ്യക്തമാക്കി.

ഹൈബി ഈഡൻ എം പി യ്ക്ക് പുറമെ, എംഎൽഎമാരായ ടി ജെ വിനോദ്, കെ ബാബു, സതേൺ റെയിൽവേ തിരുവനന്തപുരം  ഡിവിഷണൽ റെയിൽവേ മാനേജർ എസ് എം ശർമ്മ, ഇലക്ട്രിക്കൽ, ഏരിയ മാനേജർ പരിമളൻ,  എഞ്ചിനിയറിംഗ്, ഭരണ വിഭാഗം ഉദ്യോഗസ്ഥർ, കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ മനു ജേക്കബ്, പദ്‌മജ എസ് മേനോൻ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe