കൊച്ചി: കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് യാത്രക്കാരുമായി പോയ കപ്പൽ അഗത്തിയിൽ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ രാത്രി 10.30 ന് അഗത്തിയിലെത്തിയതാണ് കപ്പൽ. ചരക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് യാത്ര വൈകിക്കുന്നത്. മർച്ചന്റ് യൂണിയനും അണ്‍ലോഡിങ് കോണ്ട്രാക്ടർമാരും ചരക്കിറക്കുന്നത് വൈകിപ്പിക്കുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
ജൂണ്‍ 15നാണ് കപ്പൽ കൊച്ചിയിൽ നിന്ന് യാത്ര തുടങ്ങിയത്. 16ന് കവരത്തിയിലെത്തി. 17ാം തിയ്യതി അഗത്തിയിലെത്തി. അടുത്ത ദിവസം കൽപ്പേനിയിൽ എത്തേണ്ടതാണ്. കപ്പലിൽ രോഗികളടക്കം 220 യാത്രക്കാരുണ്ട്. കൽപേനി, അന്ത്രോത്ത് ദ്വീപുകളിലേക്ക് പോകാനുളളവരാണ് കുടുങ്ങിയത്.
ചരക്ക് ഇറക്കാതെ കപ്പലിന് യാത്ര തുടരാനാവില്ല എന്നതാണ് പ്രതിസന്ധിക്ക് കാരണം. പോർട്ട് അതോറിറ്റി വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്.