കൊച്ചി ∙ വല്ലാർപാടം പനമ്പുകാട് മത്സ്യഫാം ഉടമയുടെ ഭാര്യയുടെ നേർക്കു ഗുണ്ടാ ആക്രമണം. മത്സ്യഫാം നടത്തുന്ന പോൾ പീറ്ററുടെ ഭാര്യ വിന്നിയെയാണു മുഖംമൂടി ധരിച്ച ഗുണ്ടകൾ ആക്രമിച്ചത്. കമ്പിവടി കൊണ്ടായിരുന്നു ആക്രമണം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റും കൈകൾ ഒടിഞ്ഞും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വിന്നി. ചെമ്മീൻകെട്ട് നടത്തുന്ന പീറ്ററും വിന്നിയും രാത്രി 11 മണിയോടെ ഫാമില്‍ നിന്ന് മടങ്ങാൻ തുടങ്ങുമ്പോഴായിരുന്നു സംഭവം. സമീപത്തു തന്നെയുള്ള മറ്റൊരു ഫാമിലേക്ക് സാധനങ്ങൾ എടുക്കാൻ പീറ്റർ പോയപ്പോൾ നിർത്തിയിട്ടിരുന്ന വാഹനത്തിനു വെളിയിൽ നിൽക്കുകയായിരുന്നു വിന്നി. ഈ സമയം 3 പേർ അടുത്തേക്ക് വന്നപ്പോൾ ഭയന്നുപോയ വിന്നി ഇവരുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചു. ഇതോടെ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു എന്ന് പീറ്റർ പറയുന്നു.
കമ്പിവടി കൊണ്ട് അടിയേറ്റു വീണ വിന്നിയെ നിലത്തിട്ടും മർദിച്ചു. തലയ്ക്ക് 11 സ്റ്റിച്ചുകളും ഇരു കൈകളിലും പൊട്ടലുമുണ്ട്. വാരിയെല്ല് ഒടിഞ്ഞിട്ടുണ്ടോ തുടങ്ങിയ പരിശോധനകൾ നടന്നു വരുന്നുവെന്നും പീറ്റർ പറഞ്ഞു. ഇവിടെ ഫാം തുടങ്ങിയപ്പോൾ മുതൽ ആരംഭിച്ച പ്രശ്നങ്ങളാണെന്ന് പീറ്റർ പറയുന്നു. അതുവരെ ഇരുട്ടുമൂടി കിടക്കുകയായിരുന്നു ഈ പ്രദേശം. ഫാം ഇവർ ഏറ്റെടുത്തതോടെ സിസിടിവിയും ലൈറ്റുകളും ഘടിപ്പിച്ചു. ഇതിനോട് പ്രദേശത്തുള്ള ചിലർ എതിർപ്പ് പ്രകടിപ്പിച്ചെന്ന് പീറ്റർ പറഞ്ഞു.