കൊച്ചി: കനാൽ നീകരണ പദ്ധതി യാഥാർഥ്യമാകുമ്പോൾ കൊച്ചിക്കാർക്ക് പുതിയൊരു മറൈൻഡ്രൈവ് കൂടി ലഭിക്കും. ചിലവന്നൂര്‍ കനാൽ തീരത്തെ 2.5 ഏക്കർ പുറമ്പോക്ക് ഭൂമിയാണ് മനോഹരമായ നടപ്പാതയും വാട്ടര്‍സ്പോട്സും ഉൾപ്പെടുത്തി നവീകരിക്കുക. വൈറ്റില – തേവര റൂട്ടില്‍ വാട്ടര്‍ മെട്രോ സർവീസ് ആകുമ്പോഴേക്ക് കനാൽ തീരവും സൗന്ദര്യവല്‍ക്കരിക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചിക്കാർക്ക് കായൽ കാഴ്ച ആസ്വദിച്ച് വിശ്രമവേളകൾ ചിലവഴിക്കാൻ മറ്റൊരു സ്ഥലംകൂടി ഒരുങ്ങുമെന്ന് ചുരുക്കം.
പരിഷ്കരിച്ച കനാല്‍ നീവകരണ പദ്ധതിക്ക് ഭരണാനുമതി ലഭിച്ച് കഴിഞ്ഞു. ഇതോടെ കൊച്ചി നേരിടുന്ന നിരവധി പ്രശ്നങ്ങളുടെ പരിഹാരത്തിനും നഗര ഗതാഗതത്തില്‍ മറ്റൊരു പുതിയ മാതൃകയ്ക്കും ടൂറിസം വികസനത്തിനുമാണ് കൊച്ചി മെട്രോ നേതൃത്വം വഹിക്കാൻ പോകുന്നത്. 3716.10 കോടി രൂപയുടെ ഇൻ്റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം പദ്ധതിക്കാണ് സംസ്ഥാന സർക്കാർ ഭരണാനുമതി നല്‍കിയത്.പദ്ധതി പൂര്‍ത്തിയാകുന്നതോടെ കാനാലുകളിലൂടെയുള്ള ഗതാഗതത്തിനും കനാല്‍ തീരങ്ങളില്‍ വാട്ടര്‍ സ്പോര്‍ട്സ് ഉള്‍പ്പെടയുള്ളവ ഏര്‍പ്പെടുത്തുന്നതിനും നഗര ഗതാഗതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കുമാണ് കളമൊരുങ്ങുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ലോക്നാഥ് ബഹ്റ പറഞ്ഞു.