കൊച്ചി: വിദേശത്തു നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരിൽ നിന്ന് പിടികൂടിയ വിദേശ പക്ഷികളെ തിരിച്ചയക്കും. തായ്‍ലൻഡിൽ നിന്നാണ് 14 പക്ഷികളെ അനധികൃതമായി കൊണ്ടു വന്നത്. നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവയെ അവിടേക്ക് തന്നെ തിരിച്ചയക്കുമെന്ന് അധികൃതർ അറിയിത്തു.
കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ വന്നിറങ്ങിയ തിരുവനന്തപുരം സ്വദേശികളായ യാത്രക്കാരുടെ ബാഗേജ് പരിശോധിച്ചപ്പോഴാണ് വേഴാമ്പലുകൾ അടക്കമുള്ള പക്ഷികളെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി തായ് എയർവേസിന്‍റെ വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ തിരുവനന്തപുരം സ്വദേശികളായ യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരുടെ ബാഗേജുകൾ പരിശോധിക്കുകയായിരുന്നു.
ബിന്ദു, ശരത് എന്നീ യാത്രക്കാരുടെ ബാഗേജുകൾ തുറന്ന് പരിശോധിച്ചപ്പോൾ ചിറകടി ശബദ്ം കേട്ടു. വിശദമായി പരിശോധന നടത്തിയപ്പോഴാണ് വേഴാമ്പലുകൾ ഉൾപ്പെടെ അപൂർവ ഇനത്തിൽപെട്ട 14 പക്ഷികളെ ബാഗേജിനുള്ളിൽ കണ്ടെത്തിയത്. തായ്‍ലൻഡിൽ നിന്നാണ് ഇവയെ ഇരുവരും ചേർന്ന് കടത്തിക്കൊണ്ട് വന്നത്.
25000 മുതൽ രണ്ട് ലക്ഷം രൂപ വരെ വിലയുള്ള പക്ഷികൾ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. 75,000 രൂപ പ്രതിഫലത്തിനു വേണ്ടിയാണ് പക്ഷികളെ കടത്തിയതെന്ന് യാത്രക്കാർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കസ്റ്റംസും വനം വകുപ്പും ഇവരെ ചോദ്യം ചെയ്തു. നിലവിൽ ഡോക്ടർമാരുടെയും പക്ഷിവിദഗ്ദരുടെയും പരിചരണത്തിനായി പക്ഷികളെ മാറ്റിയിട്ടുണ്ട്.