കൊച്ചി : സംസ്ഥാന ഭവന നിർമാണ ബോർഡ് കൊച്ചിയിൽ നിർമിക്കുന്ന ‘മറൈൻ ഇക്കോ സിറ്റി’യുടെ ആദ്യ ഘട്ട നിർമാണ പ്രവർത്തനം ഈ വർഷം ആരംഭിക്കും. മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ പദ്ധതി പ്രവർത്തനങ്ങളുടെ അവലോകനം നടത്തി. തടസ്സങ്ങൾ നീക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി. തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട അനുമതി പദ്ധതിക്കു ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി അനുമതിയുൾപ്പെടെ പദ്ധതിക്കു ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രത്തിൽ നിന്നുള്ള അനുമതികൾ വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
മറൈൻ ഡ്രൈവിൽ മംഗളവനത്തിനു സമീപത്തായി ഹൗസിങ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള 17.9 ഏക്കർ സ്ഥലത്താണു മറൈൻ ഇക്കോ സിറ്റി നിർമിക്കുക. പദ്ധതിക്കു മൊത്തം 2,399 കോടി രൂപയാണു പ്രതീക്ഷിക്കുന്ന നിർമാണച്ചെലവ്. 3570 കോടി രൂപ വിപണി മൂല്യമുണ്ടാകും. ഒന്നാം ഘട്ട നിർമാണത്തിന് 486.38 കോടി രൂപ ചെലവ് വരും. പുതുക്കിയ രൂപരേഖയും എസ്റ്റിമേറ്റും നാഷനൽ ബിൽഡിങ് കൺസ്ട്രക്‌ഷൻ കോർപറേഷൻ (എൻബിസിസി) തയാറാക്കിയിട്ടുണ്ട്. ഒന്നാം ഘട്ട നിർമാണത്തിനു ടെൻഡർ വിളിച്ചതിൽ റായ്പുർ കേന്ദ്രമായ ഡിവി പ്രോജക്ട്സ് ലിമിറ്റഡ് (ഡിവിപിഎൽ– 460.60 കോടി), സ്വദേശി സിവിൽ ഇൻഫ്രാസ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (506.72 കോടി) എന്നീ രണ്ടു കമ്പനികളാണു രംഗത്തുള്ളത്.
ടെൻഡർ തുകയെക്കാൾ 5.3% കുറവുള്ള ഡിവിപിഎലിനു നിർമാണ കരാർ നൽകാനുള്ള നടപടികൾ സ്വീകരിക്കും. 2.47 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള വാണിജ്യ സമുച്ചയം, 2000 പേരെ ഉൾക്കൊള്ളുന്ന 85,661 ചതുരശ്രയടി വിസ്തീർണമുള്ള കൺവൻഷൻ സെന്റർ, 40 മുറികളുള്ള ഹോട്ടൽ എന്നിവ പദ്ധതിയിൽ ഭവന നിർമാണ ബോർഡിനു സ്വന്തമായുണ്ടാകും. ഇതിനു പുറമേ 3 ബിഎച്ച്കെ, 4 ബിഎച്ച്കെ ആഡംബര ഫ്ലാറ്റ് സമുച്ചയങ്ങളുമുണ്ടാകും. ആദ്യ ഘട്ടത്തിൽ 25 നിലകളിലായി 152 ഫ്ലാറ്റുകൾ നിർമിക്കും. മൂന്നു നിലകൾ പാർക്കിങ്ങിനുള്ളതാണ്. ക്ലബ് ഹൗസ്, സ്വിമ്മിങ്പൂൾ, ഓഫിസ് ഇടങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഫ്ലാറ്റ് സമുച്ചയത്തിലുണ്ടാകും.