കൊച്ചി: കലൂർ സ്‌റ്റേഡിയം റൗണ്ടിൽ നിന്ന് വൻ അളവിൽ എംഡിഎംഎയുമായി പിടിയിലായവർ ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ളവരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും. സൂസിമോൾക്ക് ക്വട്ടേഷൻ – ഗുണ്ട സംഘങ്ങളുമായി ബന്ധമുണ്ട്. അജിപ്പായ് എന്നറിയപ്പെടുന്ന അജ്മൽഅടിപിടി, ഭവനഭേദന കേസുകളിലും പ്രതിയാണ്. പിടിച്ചുപറിക്കാരനായ എൽറോയിയാണ് കൂട്ടത്തിൽ ഏറ്റവും അപകടകാരി. മാരകമായി പരിക്കേൽപ്പിക്കാനാകുന്ന സ്‌പ്രിങ് ബാറ്റൺ അടക്കം വ്യത്യസ്തയിനം വിദേശനിർമിത കത്തികൾ പ്രതികൾ സഞ്ചരിച്ച കാറിൽ ഉണ്ടായിരുന്നു.
ടെലഗ്രാംവഴിയായിരുന്നു ഇടപാട്. ഹിമാചൽപ്രദേശ് കേന്ദ്രീകരിച്ച് വൻസംഘം ഇവർക്കുപിന്നിലുണ്ട്. മയക്കുമരുന്ന് വാങ്ങി മറിച്ചുവിൽപ്പന നടത്തുന്ന എറണാകുളം ടൗൺ കേന്ദ്രീകരിച്ചുള്ള ഏജന്റുമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് അന്വേഷകസംഘത്തലവൻ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമീഷണർ ടി എൻ സുധീർ അറിയിച്ചു.
കൊച്ചി കലൂരില്‍ കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയാണ് എക്‌സൈസ് പിടികൂടിയത്. ഒരു യുവതി ഉള്‍പ്പെടെ നാല് പേരെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. അരക്കോടി രൂപയുടെ എംഡിഎംഎയാണ് പിടികൂടിയതെന്ന് എക്‌സൈസ് പറഞ്ഞു.