കൊടുവള്ളി: കൊടുവള്ളിയിലെ ദീപം ജ്വല്ലറി ഉടമയും ആഭരണ നിർമാതാവുമായ മുത്തമ്പലം സ്വദേശി ബൈജുവിനെ സ്കൂട്ടറിൽ കാറിടിച്ച് തെറിപ്പിച്ച ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി 1.750 കിലോ സ്വർണം കവർന്ന കേസിൽ മൂന്നു പ്രതികൾകൂടി പൊലീസ് പിടിയിലായി. കേസിലെ ആറാംപ്രതി തൃശൂർ മുടിച്ചേരി നെടുപുഴ സിനോയ് (35), സിനോയിയുടെ സഹായികളായ തൃശൂർ മണലൂർ അനൂപ് (37), കുട്ടിക്കൽതോട്ടിൽപടി അഭിലാഷ് (31)എന്നിവരെയാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഭോപാലിൽനിന്ന് പിടികൂടിയത്.
ഇവരെ ശനിയാഴ്ച വൈകീട്ട് പൊലീസ് കൊടുവള്ളിയിലെത്തിച്ചു. സ്വർണം കവരാൻ ക്വട്ടേഷൻ ഏറ്റെടുത്തവരിൽ ഒരാളാണ് പിടിയിലായ സിനോയ്. ഇയാളുടെ കൈവശമുണ്ടായിരുന്ന സ്വർണം വിൽപന നടത്തി കടന്നുകളയുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവർ പിടിയിലായത്.
2024 നവംബർ 27ന് രാത്രി 10 ഓടെയായിരുന്നു കവർച്ച. സ്വർണാഭരണ നിർമാണശാല പൂട്ടി ഒന്നേമുക്കാൽ കിലോയോളം വരുന്ന ആഭരണങ്ങളുമായി സ്കൂട്ടറിൽ കൊടുവള്ളിയിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് പോവുകയായിരുന്നു ബൈജു. വ്യാജ നമ്പർ പതിച്ച കാറിലെത്തിയ നാലുപേർ ബൈജുവിന്റെ വീടിന് അടുത്തുള്ള മുത്തമ്പലത്തെ ആളൊഴിഞ്ഞ റോഡിൽവെച്ച് സ്കൂട്ടറിൽ ഇടിപ്പിക്കുകയായിരുന്നു. തുടർന്ന് സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് എടുത്ത് സംഘം രക്ഷപ്പെടുകയായിരുന്നു. കവർച്ചയുടെ മുഖ്യസൂത്രധാരനായ പാലക്കാട് സ്വദേശി പെരുവമ്പ പെരുംകുളങ്ങര വീട്ടിൽ രമേശൻ (42), തൃശൂർ സ്വദേശികളായ വെമ്പനാട് പാവറട്ടി മൂക്കൊല വീട്ടിൽ എം.വി. വിപിൻ (35), പാലുവയ്പെരിങ്ങാട്ട് പി.ആർ. വിമൽ (38), പാവറട്ടി മരുത്വാ വീട്ടിൽ എം.സി. ഹരീഷ് (38), പാലക്കാട് തത്തമംഗലം ചിങ്ങാട്ട്കുളമ്പ് ലതീഷ് (43) എന്നിവരെ അന്വേഷണ സംഘം നേരത്തേ അറസ്റ്റുചെയ്തിരുന്നു.
ഇവരിൽനിന്ന് ഒരു കിലോ മുന്നൂറ് ഗ്രാം സ്വർണം കണ്ടെടുക്കുകയും ചെയ്തിരുന്നു. കവർച്ചക്ക് ഉപയോഗിച്ച കാറും പൊലീസ് പിടികൂടിയിരുന്നു. സി.ഐ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബേബി മാത്യു, ആന്റണി ക്ലീറ്റസ്, പൊലീസുകാരായ സംഗിത്ത്, റിജോ മാത്യു, അനൂപ്, രതീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.