കൊടുവള്ളിയിൽ സ്വർണ വ്യാപാരിയെ പിന്തുടർന്നത് വെളുത്ത കാർ, നമ്പർ പ്ലേറ്റ് വ്യാജം; സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

news image
Nov 29, 2024, 3:34 am GMT+0000 payyolionline.in

കോഴിക്കോട്: കൊടുവള്ളിയിൽ സ്വര്‍ണ വ്യാപാരിയെ കാറിടിച്ച് വീഴ്ത്തി രണ്ട് കിലോയോളം സ്വര്‍ണം കവര്‍ച്ച ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി  പൊലീസ്. കൊടുവളളി മുത്തമ്പലം സ്വദേശി ബൈജുവിന്‍റെ പക്കൽ നിന്നാണ് കാറിലെത്തിയ നാലംഗ സംഘം സ്വർണ്ണം കവർച്ച ചെയ്തത്. കവര്‍ച്ച ശ്രമം ചെറുക്കാന്‍ ശ്രമിച്ച ബൈജുവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം കടന്നു കളഞ്ഞത്.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കൊടുവളളി മാനിപുരം റോഡിലായിരുന്നു സംഭവം. കൊടുവളളിയില്‍ വര്‍ഷങ്ങളായി ചെറുകിട ജ്വല്ലറി നടത്തുകയും സ്വര്‍ണപ്പണികള്‍ നടത്തുകയും ചെയ്യുന്ന ബൈജു കടയടച്ച് സ്കൂട്ടറില്‍ വീട്ടിലേക്ക് പോകും വഴി പിന്നാലെയെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ബൈജു പറയുന്നു. തെറിച്ചു വീണ ബൈജുവിന്‍റെ പക്കലുണ്ടായിരുന്ന ബാഗിലെ സ്വര്‍ണവുമായി നാലംഗ സംഘം കാറില്‍ കയറി. തടയാന്‍ ശ്രമിച്ച തന്നെ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം കടന്നു കളഞതായും ബൈജു പറയുന്നു.

ബൈജുവിന്‍റെ സ്കൂട്ടറിനെ ഒരു വെളുത്ത കാര്‍ പിന്തുടരുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാറിന്‍റെ നമ്പര്‍ വ്യാജമെന്ന് വ്യക്തമായി. സമീപത്തെ ലോഡ്ജുകളിലും ജില്ലാ അതിര്ത്തികളിലുമെല്ലാം പൊലീസ് ഇടനടി പരിശോധന നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. ബൈജുവിന്‍റെ വരവും പോക്കും എല്ലാം കൃത്യമായി നീരീക്ഷിച്ച ശേഷമാണ് സംഘം കവര്‍ച്ച നടത്തിയതെന്നാണ് കൊടുവളളി പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍. കൊടുവളളി, താമരശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe