കൊട്ടത്തേങ്ങയും കൊപ്രയും ട്രെയിനില്‍ കയറ്റല്ലേ, പണിയാവും; കാത്തിരിക്കുന്നത് ജയില്‍ ശിക്ഷയെന്ന് റെയിൽവേ

news image
Nov 26, 2025, 4:10 pm GMT+0000 payyolionline.in

ലക്ഷക്കണക്കിന് ആളുകള്‍ നിത്യേന യാത്ര ചെയ്യുന്ന ട്രെയിനുകളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ റെയിൽവേ ബാഗേജുകളില്‍ കൊണ്ടു പോകാവുന്ന വസ്തുക്കളുടെ കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രെയിന്‍ യാത്രയില്‍ എന്തൊക്കെ കൂടെ കൊണ്ടു പോകാം കൊണ്ടു പോകരുത് എന്നതിനെപ്പറ്റി പലര്‍ക്കും ഇന്നും വ്യക്തതയില്ല. ഈ ധാരണാക്കുറവ് പലപ്പോഴും വന്‍ അപകടങ്ങള്‍ക്ക് വഴി വച്ചേക്കാം എന്ന് റെയില്‍വേ മുന്നറിയിപ്പ് നല്‍കുന്നു.

യാത്രക്കാരുടെ സുരക്ഷ മുന്‍ നിര്‍ത്തി റെയിൽവേ മന്ത്രാലയം നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ത്തന്നെ നിലവിലുണ്ടെങ്കിലും ഇതേവരെ അവ റെയില്‍വേ ഉദ്യോഗസ്ഥര്‍ കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ നിലവിലുള്ള നിയമങ്ങൾ കൂടുതല്‍ ശക്തിപ്പെടുത്താനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ.

യാത്രയില്‍ ഒപ്പം കൊണ്ടു പോകാവുന്ന വസ്തുക്കളെക്കുറിച്ച് റെയിൽവേയുടെ മുന്നറിയിപ്പുകള്‍ അറിയില്ല എന്നതു കൊണ്ട് ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടില്ലെന്ന് റെയില്‍വേ സുരക്ഷാ വിഭാഗം വ്യക്തമാക്കുന്നു. അറിഞ്ഞോ അറിയാതെയോ ഈ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് തടവിനും പിഴയ്‌ക്കും വരെ കാരണമാകുമെന്ന് ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷനിലെ അസിസ്റ്റന്‍റ് സെക്യൂരിറ്റി കമ്മീഷണര്‍ ശ്യാം നാഥ് ഇടി വി ഭാരതിനോട് പറഞ്ഞു.

റെയില്‍വേ സുരക്ഷാ വിഭാഗം തന്നെ ഇതേക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങിനെയാണ്. ” ഒരു യാത്രക്കാരന് ട്രെയിനില്‍ കൊണ്ടുപോകാൻ വിലക്കുള്ള ചില വസ്‌തുക്കളുണ്ട്, അതിൽ പ്രധാനമാണ് കൊട്ടത്തേങ്ങ അല്ലെങ്കില്‍ കൊപ്ര. ആദ്യമൊന്ന് കേള്‍ക്കുമ്പോള്‍ ആശ്ചര്യപ്പെടുമെങ്കിലും സംഭവം ഗൗരവമുള്ളതാണ്.

ഇന്ത്യൻ റെയിൽവേയുടെ സുരക്ഷാ ചട്ടങ്ങൾ പ്രകാരം ട്രെയിനില്‍ ഉണങ്ങിയ തേങ്ങ കൊണ്ടുപോകുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. , ഉണങ്ങിയ തേങ്ങ, കൊട്ടത്തേങ്ങ, കൊപ്ര എന്നിവയുമായി യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.ട്രെയിൻ യാത്രയിൽ കർശനമായി നിരോധിക്കപ്പെട്ട വസ്‌തുവുമായി യാത്ര ചെയ്‌താൽ തീർച്ചയായും നിയമ നടപടിയുണ്ടാകും. വസ്‌തുക്കളും അതിൻ്റെ അപകട വ്യാപ്‌തിയും അടിസ്ഥാനമാക്കിയാണ് പിഴയും ശിക്ഷയും”. റെയിൽവേ അസിസ്റ്റൻ്റ് സെക്യൂരിറ്റി കമ്മിഷണർ ശ്യാം നാഥ് വ്യക്തമാക്കി.

എന്തുകൊണ്ട് കൊപ്ര അപകടകാരി?

തേങ്ങയുടെ പുറംതോട് പരുക്കനായതും വൈക്കോൽ പോലുള്ള നാരുകൾ അടങ്ങിയതുമാണ്. അവ വളരെ വേഗം തീ പിടിക്കുന്നതും കത്തിപ്പടരുന്നതുമാണ്. ഇത് തിരക്കേറിയ റെയിൽവേ കമ്പാർട്ടുമെൻ്റുകളിൽ തീപിടിത്തത്തിന് വഴി വെക്കാന്‍ സാധ്യതയുണ്ട്. റെയിൽവെ നിയമത്തിലെ സെക്ഷൻ 164, 165 പ്രകാരം റെയിൽവേ ഉണങ്ങിയ തേങ്ങയെ തീപിടിത്ത അപകടകാരിയായി കണക്കാക്കുന്നു.

യാത്രക്കാർ ഉണങ്ങിയ തേങ്ങ കൊണ്ടുപോകുന്നതായി കണ്ടെത്തിയാൽ നിയമലംഘനത്തിൻ്റെ തീവ്രതയനുസരിച്ച് കനത്ത പിഴയോ തടവോ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ നേരിടേണ്ടിവരും. എന്നാല്‍, പച്ച തേങ്ങ കൊണ്ടുപോകുന്നതിന് വിലക്കില്ല. അതേസമയം, കൊപ്ര മാത്രമല്ല ട്രെയിൻ യാത്രയിൽ കൊണ്ടുപോകാൻ അനുവാദമില്ലാത്ത വസ്‌തു. വേറെയും നിരവധി വസ്‌തുക്കൾക്ക് വിലക്കുണ്ട്.

വിലക്കുള്ള മറ്റ് വസ്‌തുക്കൾ

  • സ്റ്റൗ
  • ഗ്യാസ് സിലിണ്ടറുകൾ
  • ഗ്രീസ്
  • ആസിഡ്
  • കത്തുന്ന രാസവസ്‌തുക്കൾ
  • സ്ഫോടകവസ്‌തുക്കൾ
  • പടക്കങ്ങൾ
  • ഡീസല്‍
  • പെട്രോള്‍
  • തീപിടിക്കാൻ സാധ്യതയുള്ള മറ്റ് ഇന്ധനങ്ങള്‍

ശിക്ഷ എന്തെല്ലാം?

റെയിൽവേ നിയമത്തിലെ സെക്ഷൻ 164 പ്രകാരം, കത്തുന്നതോ അപകടകരമോ ആയ വസ്‌തുക്കൾ കൊണ്ടുപോകുന്നത് 1,000 രൂപ മുതൽ 5,000 രൂപ വരെ പിഴ ചുമത്താൻ ഇടയാക്കും. ഗുരുതരമായ കേസുകളിൽ, മൂന്ന് വർഷം വരെ തടവോ അല്ലെങ്കിൽ തടവും പിഴയും ഒന്നിച്ച് ചുമത്താവുന്നതുമായ കുറ്റമാണ്.

ഇളവ് ലഭിക്കുന്നത് ആർക്കെല്ലാം

നിയമം കർശനമാണെങ്കിലും, ഒരു ചെറിയ ഇളവ് യാത്രക്കാർക്ക് അനുവദിക്കുന്നു. മതപരമായ ആവശ്യങ്ങൾക്കോ ട്രെയിനിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പൂജാ സാധനങ്ങൾക്കൊപ്പം ഒന്നോ രണ്ടോ തേങ്ങകൾ കൊണ്ടുപോകാൻ അനുവാദമുണ്ട്. എന്നിരുന്നാലും, വലിയ അളവിൽ തേങ്ങ കൊണ്ടുപോകുന്നത്, പ്രത്യേകിച്ച് ക്ഷേത്ര വഴിപാടുകൾക്കും മറ്റുമായി നിരവധി പൊതിച്ച തേങ്ങകൾ കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നു.

ട്രെയിനുകളിലെ മറ്റ് നിരോധനങ്ങൾ

1898 ലെ ഇന്ത്യൻ റെയിൽവേ നിയമപ്രകാരം ട്രെയിനുകളിൽ മദ്യപിക്കുന്നതും മയക്കുമരുന്ന് ഉപയോഗിച്ചുള്ള യാത്രകളും കർശനമായി നിരോധിച്ചിരിക്കുന്നു. മദ്യപിച്ചിരിക്കുന്നതോ, മറ്റ് യാത്രക്കാർക്ക് ബുദ്ദിമുട്ട് ഉണ്ടാക്കുന്നതോ ആയ പ്രവൃത്തികൾ ചെയ്യുന്ന യാത്രക്കാരെ കണ്ടെത്തിയാൽ അവരുടെ ടിക്കറ്റുകളോ റെയിൽവേ പാസുകളോ സംഭവസ്ഥലത്ത് തന്നെ റദ്ദാക്കാവുന്നതാണ്. കുറ്റം തെളിഞ്ഞാൽ, ആറ് മാസം വരെ തടവും ഗണ്യമായ പിഴയും അവർക്ക് അനുഭവിക്കേണ്ടി വന്നേക്കാം.

എസി ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ കൈവശമുള്ള യാത്രക്കാർക്കുൾപ്പെടെ ഇന്ത്യൻ റെയിൽവേ പ്രത്യേക നിയമങ്ങൾ നടപ്പിലാക്കുന്നുണ്ട്. മൃഗങ്ങളുമായി യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് നിയമം. നായ്ക്കളെപ്പോലുള്ള വളർത്തുമൃഗങ്ങളെ അനുവദിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പ്രകാരം കൊണ്ടുപോകാൻ കഴിയും.

എന്നാൽ ഇവയിൽ നിന്നും വ്യത്യസ്‌തമാണ് കുതിരകൾ ആടുകൾ ഉൾപ്പെടെയുള്ള വലിയ മൃഗങ്ങളെ കൊണ്ടുപോകുന്നത്. നിർദേശിച്ചിരിക്കുന്ന ചില നിയന്ത്രണ വ്യവസ്ഥകളോടെ മാത്രമെ ട്രെയിനിൽ ഈ മൃഗങ്ങളെ അനുവദിക്കൂ.

കൂടാതെ, ഹൈഡ്രോക്ലോറിക് ആസിഡ്, ടോയ്‌ലറ്റ് ക്ലീനിംഗ് ആസിഡ്, പുല്ല്, ഉണങ്ങിയ ഇലകൾ, മാലിന്യ പേപ്പർ കെട്ടുകൾ, എണ്ണ, മറ്റ് കത്തുന്നതോ അപകടകരമോ ആയ വസ്‌തുക്കളും റെയിൽവേ പൂർണമായി നിരോധിച്ചിരിക്കുന്നവയാണ്. ട്രെയിനില്‍ കയറും മുമ്പ് ഇക്കാര്യങ്ങള്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഇത്തരം നിരോധിക്കപ്പെട്ട വസ്തുക്കള്‍ ഒപ്പം കൊണ്ടു വരുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും റെയിൽവേ അസിസ്റ്റൻ്റ് സെക്യൂരിറ്റി കമ്മിഷണർ ഓര്‍മ്മിപ്പിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe