കൊട്ടിയൂരിൽ ബസുകൾ കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്

news image
Oct 12, 2024, 9:05 am GMT+0000 payyolionline.in

കൊട്ടിയൂർ: കൊട്ടിയൂരിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം 16 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടം. തിരുനെല്ലിയിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന പുത്തൻപുര എന്ന സ്വകാര്യ ബസ്സും കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സുമാണ് നീണ്ടുനോക്കി മുസ്‌ലിം പള്ളിക്ക് സമീപം കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടൂറിസ്റ്റ് ബസ് റോഡരികിലെ കരിമ്പിൽ ബീരാന്റെ വീട്ടുമതിലും തകർത്താണ് നിന്നത്.

ടൂറിസ്റ്റ് ബസ്സിൽ നിറയെ ആളുണ്ടായിരുന്നെങ്കിലും സ്വകാര്യ ബസ്സിൽ ആളുകൾ കുറവായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സ്വകാര്യ ബസ് ഡ്രൈവർ പേരിയ ആലാറ്റിൻ സ്വദേശി സായന്തി(29)ന് കൈക്കും തലക്കും പരിക്കേറ്റു. ഇയാളെ മാനന്തവാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടൂറിസ്റ്റ് ബസ് യാത്രക്കാരായ ധർമടം സ്വദേശികളായ ഷീന(52), ഷംന(49), സ്വകാര്യ ബസ് യാത്രക്കാരായ പുൽപ്പള്ളി സ്വദേശിനി പുഷ്പ(42), പേരിയ സ്വദേശിനി ഗിരിജ(44), ഭർത്താവ് സുരേഷ്(48), സാറാമ്മ(78), ഷേർലി(53), ഷിബില(53), ധന്യ(25), വെള്ള (58), മിനി(36), അഷറഫ്(48), ഇസ്മയിൽ(58), അക്ഷയ്, വിപിൻകുമാർ(40) എന്നിവർക്കാണ് പരിക്കേറ്റത്.

അപകടത്തിൽ സ്വകാര്യ ബസ്സിന്റെ മുൻഭാഗം പൂർണമായും തകർന്നു. കേളകം പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ അപകടത്തിൽപ്പെട്ട ബസ്സുകൾ സ്ഥലത്ത് നിന്നും നീക്കം ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe