കൊട്ടിയൂർ: മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്ന കൊട്ടിയൂർ -വയനാട് ചുരം പാതയിൽ ദുരിതയാത്ര. തകർന്നടിഞ്ഞ കൊട്ടിയൂർ പാൽച്ചുരം റോഡിന്റെ അറ്റകുറ്റ പ്രവൃത്തി നടത്തിയെങ്കിലും വീണ്ടും റോഡ് തകർന്ന് അപകടഭീഷണി തീർക്കുന്നു.
ഇക്കഴിഞ്ഞ മാസം കൊട്ടിയൂർ പാൽച്ചുരം അമ്പായത്തോട് റോഡിലെ ഗതാഗതം നിരോധിച്ച് അറ്റകുറ്റപ്പണി നടത്തിയതും ഭൂരിഭാഗവും തകർന്നു. 2018- 2019 വർഷങ്ങളിലെ പ്രളയത്തിലാണ് കണ്ണൂർ – വയനാട് ജില്ലകളെ .ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡ് പാടെ തകർന്നത്. അതിന് ശേഷം ചെറിയ അറ്റകുറ്റപ്പണി ചെയ്തതൊഴിച്ചാൽ ഇതുവരെ പാൽച്ചുരം റോഡ് കാര്യമായി നന്നാക്കിയിരുന്നില്ല. മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ ടാറിങ് പൊളിഞ്ഞ് മിക്കയിടങ്ങളിലും വലിയ കുഴികളായി മാറി.
ഒന്ന് – രണ്ട് ഹെയർ പിൻ വളവുകൾ, ആശ്രമം കവല, ചുരത്തിന്റെറെ തുടക്കഭാഗത്തെ വളവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റോഡ് തകർന്നു ഗർത്തമായി. റോഡിന്റെ പാർശ്വഭാഗങ്ങൾ എല്ലാം ഇടിഞ്ഞു അപകടാവസ്ഥയിലാണ്. ഇതിനകം ഒട്ടേറെ വാഹനങ്ങളാണ് റോഡിന്റെ തകർച്ച കാരണം അപകടത്തിൽപെട്ടത്. ഏറെ ആശങ്കയോടെയാണ് ഡ്രൈവർമാർ പാൽച്ചുരത്തിലൂടെ വാഹനങ്ങൾ ഓടിക്കുന്നത്. കനത്ത മഞ്ഞും, മണ്ണിടിച്ചിലും തുടരുന്ന പാതയിലൂടെ യാത്ര കടുത്ത ഭീതിയിലാണ്.