കൊയിലാണ്ടിയിൽ ചെള്ളുപനി സ്ഥിരീകരണം: ചികിത്സയിലിരിക്കെ സ്ത്രീ മരിച്ചു; രോഗം പകരുന്ന വഴി, ലക്ഷണങ്ങൾ

news image
Jan 10, 2026, 4:58 am GMT+0000 payyolionline.in

കൊയിലാണ്ടി ∙ നഗരസഭയിലെ പത്താം വാർഡ് പാവുവയലിൽ കഴിഞ്ഞദിവസം മരിച്ച സ്ത്രീക്കു ചെള്ളുപനി സ്ഥിരീകരിച്ചു. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. ഡിഎംഒയുടെ നിർദേശപ്രകാരം നഗരസഭയുടെ നേതൃത്വത്തിൽ പൊതുജനാരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി.

മരിച്ച രോഗിയുടെ വീടിന്റെ പരിസരത്തുള്ള കുറ്റിക്കാടുകളുള്ള സ്ഥലങ്ങളും സമീപ പ്രദേശങ്ങളിലും ശുചീകരിച്ചു. എലികളുടെ ശരീരത്തിൽ നിന്നു സാംപിൾ പരിശോധനയ്ക്കു ശേഖരിച്ചു. ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫിസർ കെ.പി.റിയാസ്, തിരുവങ്ങൂർ സിഎച്ച്സി ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി, ഹെൽത്ത് ഇൻസ്പെക്ടർ എ.കെ.ലത എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി.

 രോഗം പകരുന്നതെങ്ങനെ?
ഒറിയൻഷിയ സുസുഗാ മുഷി എന്ന സൂക്ഷ്മ ജീവിയാണു കാരണം. എലി, അണ്ണാൻ, മുയൽ, കീരി എന്നിവയുടെ തൊലിപ്പുറത്ത് കാണപ്പെടുന്ന ചിഗർ മൈറ്റുകൾ വഴിയാണു മനുഷ്യരിലേക്കു രോഗം പകരുന്നത്.

ലക്ഷണങ്ങൾ? 
കടിയേറ്റ് 10-12 ദിവസം കഴിയുമ്പോൾ ശക്തമായ പനി, തലവേദന, പേശീവേദന, കണ്ണ് ചുവക്കൽ എന്നിവയുണ്ടാകും. ചിഗർ മൈറ്റ് കടിച്ച ഭാഗം ചെറിയ ചുവന്ന തടിച്ച പാടായി ആരംഭിച്ചു പിന്നീട് കറുത്ത വ്രണമാകും. വ്രണങ്ങളില്ലാതെയും ചെള്ളുപനി കാണാറുണ്ട്.

എങ്ങനെ പ്രതിരോധിക്കാം? 
എലികളെ കൊല്ലുക, ‌കുറ്റിക്കാടുകളും പുൽച്ചെടികളും വൃത്തിയാക്കുക, പുൽമേട്ടിലും വനപ്രദേശങ്ങളിലും പോകുമ്പോൾ കൈകാലുകൾ മറയ്ക്കുന്ന വസ്ത്രങ്ങളും കയുറയും കാലുറയും ധരിക്കുകയും മൈറ്റ് റിപ്പല്ലന്റുകൾ പുരട്ടുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe