കൊയിലാണ്ടി: കൊയിലാണ്ടി ടൗണിലും സമീപ പ്രദേശങ്ങളിലുമുള്ള ദേശീയപാതയിൽ സ്ഥാപിച്ചിരുന്ന സീബ്രലൈനുകൾ മാഞ്ഞുപോയതോടെ കാൽനട യാത്രക്കാർക്ക് കടുത്ത പ്രയാസമുണ്ട്. പഴയ ബസ് സ്റ്റാൻഡ്, താലൂക്ക് ആശുപത്രി, ഹെഡ് പോസ്റ്റ് ഓഫീസ് എന്നിവയ്ക്കു മുന്നിലെ സീബ്രലൈനുകളാണ് അനിയന്ത്രിതമായി മാഞ്ഞുപോയത്. ഇതുമൂലം റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്ന കാൽനട യാത്രക്കാർ ഭീഷണി നേരിടുകയാണ്.
ദേശീയ പാത 66 നിർമാണത്തിന്റെ ഭാഗമായി ഗതാഗത കുരുക്കിൽ പെടുന്ന ബസുകൾ ആംബുലൻസുകൾ എന്നിവ അമിത വേഗത്തിൽ വരുമ്പോൾ പഴയ സീബ്രലൈനിലൂടെ റോഡുമുറിച്ചു കടക്കുന്ന യാത്രക്കാർ അപകടത്തിൽപെടുന്നു.ദീർഘദൂര യാത്ര വാഹനങ്ങൾ ഓടിക്കുന്നവർ സീബ്രലൈൻ കാണാത്തതിനാൽ യാത്രക്കാരെ പരിഗണിക്കാതെയാണ് വാഹനം ഓടിക്കുന്നത്. സീബ്രലൈനിന് പകരം നിറം മായാതെ നിൽക്കുന സ്പീഡ് ബ്രേക്കറിലൂടെയാണ് ഇപ്പോൾ യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത്.
സീബ്രലൈനുകൾ എത്രയുംപെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കെ.കെ. നിയാസ് അധ്യക്ഷത വഹിച്ചു. കെ.പി. രാജേഷ്, കെ. ദിനേശൻ, പി.കെ. ഷുഹൈബ്, അമേത്ത് കുഞ്ഞഹമ്മദ്, അജീഷ്, മനീഷ്, ഹമീദ് എന്നിവർ സംസാരിച്ചു.