കൊയിലാണ്ടി: കൊയിലാണ്ടിയിൽ എടിഎമ്മിലേക്ക് നിറക്കാൻ കൊണ്ടുപോയ പണം തട്ടിയ കേസ് മാസങ്ങളായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് കോഴിക്കോട് റൂറൽ എസ്പി നിധിൻ രാജ്. സംഭവത്തിലെ മുഖ്യ ആസൂത്രകൻ താഹയാണെന്നും എസ്.പി പറഞ്ഞു.
തട്ടിയെടുത്ത പണത്തിൽ 37 ലക്ഷം രൂപ ഇയാളുടെ പക്കൽ നിന്നു പൊലീസ് കണ്ടെടുത്തു. വില്യാപ്പള്ളിയിൽ നിന്നാണ് പണം കണ്ടെത്തിയത്. ബാങ്കുമായി ചേർന്ന് പ്രവർത്തിക്കുന്ന പയ്യോളി സ്വദേശി സുഹൈലിനേയും കൂട്ടാളി യാസിറിനേയും മറ്റൊരാളേയും ഉപയോഗിപ്പെടുത്തി നടത്തി നാടകമാണ് ഈ കൊള്ളയെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ പേരുടെ പങ്ക് പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. അതിനിടെ പണം തട്ടിയ സംഭവത്തിൽ ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകി
കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ദേശീയപാതയിൽ കാട്ടിലപ്പീടികയില്‍ നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ കെട്ടിയിട്ട നിലയിലാണ് നാട്ടുകാര്‍ സുഹൈലിനെ കണ്ടെത്തെയത്. കൊയിലാണ്ടിയിലെ ബാങ്കില്‍ നിന്നും പണമെടുത്ത് കുരുടിമുക്കിലേക്ക് പോകവേ വഴിയില്‍വെച്ച് ഒരു സംഘം തന്നെ ആക്രമിച്ചെന്നും പണം കവര്‍ന്നെന്നുമായിരുന്നു സുഹൈല്‍ നാട്ടുകാരോടും പിന്നാലെ പോലീസിനോടും പറഞ്ഞത്.
അരിക്കുളം കുരുടിമുക്കിലേക്ക് പോകവേ വഴിയില്‍വെച്ച് ഒരു സ്ത്രീ വാഹനത്തിന് മുന്നില്‍പ്പെടുകയും ഇവരെ തട്ടി എന്ന് കരുതി വാഹനം നിര്‍ത്തി പുറത്തിറങ്ങിയ തനിക്കുനേരെ പര്‍ദ്ദ ധരിച്ചെത്തിയ ഒരു സംഘം ആക്രമണം നടത്തി എന്നുമാണ് ഇയാള്‍ പറഞ്ഞത്. തലയ്ക്കടിയേറ്റ് ബോധ പോയെന്നും ബോധം വന്നപ്പോൾ കാട്ടിലപ്പീടികയില്‍ കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണുള്ളതെന്ന് മനസ്സിലായതെന്നുമാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.
എന്നാല്‍ സംശയം തോന്നിയ പൊലീസ് ഇയാളുടെ ദേഹത്തും കാറിലും നിറയെ മുളക്‌പൊടി ഉണ്ടായിരുന്നിട്ടും കണ്ണില്‍ മുളക് പൊടി പോകാതിരുന്നത് മനസിലാക്കി. കാറിന് പിറകിലത്തെ ഒരു ചില്ല് താഴ്ത്തിയ നിലയിലുമായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ വൈദ്യപരിശോധനയില്‍ ഇയാള്‍ക്ക് തലയ്ക്ക് മര്‍ദനമേറ്റതായുള്ള ലക്ഷണങ്ങളും കണ്ടെത്താത്തതിനെ തുടര്‍ന്നാണ് പോലീസിന് സംശയം വര്‍ദ്ധിപ്പിച്ചത്. രണ്ട് ദിവസമായി പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിന് ശേഷം ചോദ്യം ചെയ്യലിന്റെ രീതി മാറ്റി. ഇതോടെയാണ് തട്ടിപ്പ് കഥ പുറത്ത് വന്നത്.