കൊയിലാണ്ടി: ടൗണിൽ എത്തുന്ന ഇരുചക്ര വാഹനക്കാർ ഉൾപ്പെടെയുള്ള യാത്രക്കാർ വാഹനം പാർക്കുചെയ്യാൻ ഇടം കിട്ടാതെ ഉഴലുന്ന കാഴ്ച നിത്യസംഭവമാണ്.
വ്യക്തിപരമായ ആവശ്യങ്ങൾക്കായി ടൗണിൽ എത്തുന്നവർ എവിടെയെങ്കിലും ഒരു പഴുത് കിട്ടി വാഹനം പാർക്ക് ചെയ്താൽ പൊലീസിന്റെ പിടിവീഴുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പണമടച്ചു പോലും ഒരു വാഹനം പാർക്ക് ചെയ്യാൻ ഇടം കിട്ടാനില്ലെന്നതും ശ്രദ്ധേയമാണ്.
നഗരസഭയുടെയോ മറ്റെതെങ്കിലും സർക്കാർ ഏജൻസിയുടെയോ പാർക്കിങ് സൗകര്യം യാതൊന്നും ഇല്ലെന്നതും പരാതിക്ക് വഴി ഒരുക്കുന്നു. വാഹനങ്ങൾ ആസൂത്രണമില്ലാതെ പാർക്കു ചെയ്യുന്നതുകാരണം നഗരത്തിൽ ഗതാഗത തടസ്സവും ഉണ്ടാകുന്നു.
ബസ് സ്റ്റാൻഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ബസുകൾക്കും കാൽ നടക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നു. ഇതോടൊപ്പം ഫുട്പാത്തിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും നിത്യസംഭവമാകുന്നതായി വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു.